ഭീകരവാദത്തെ ചെറുക്കണം; ധനസഹായം നല്‍കുന്നത് തടയണം; ഇരട്ടത്താപ്പ് പാടില്ല; ബ്രിക്‌സ് ഉച്ചകോടിയില്‍ ലോകരാജ്യങ്ങളോട് പ്രധാനമന്ത്രി മോദി

ഭീകരവാദത്തിനു ധനസഹായം നല്‍കുന്നതു തടയാന്‍ എല്ലാവരും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണമെന്നും ഭീകരതയെ നേരിടാന്‍ ആഗോളതലത്തില്‍ കൂട്ടായ ശ്രമം ആവശ്യമാണെന്നും ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭീകരവാദമെന്ന ഭീഷണിയെ നേരിടുന്നതില്‍ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയെയും അതിന് സാമ്ബത്തിക സഹായം നല്‍കുന്നതിനെയും ശക്തമായി ചെറുക്കണം. ഇതിനായി ഏകമനസ്സോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. യുവജനങ്ങള്‍ തീവ്രവാദത്തിലേക്ക് നീങ്ങുന്നതിനെതിരെയും ശക്തമായ നടപടി വേണം. സൈബര്‍ സുരക്ഷ, സുരക്ഷിതമായ നിര്‍മിത ബുദ്ധി എന്നിവക്കായി ആഗോള നിയന്ത്രണങ്ങള്‍ വേണമെന്നും മോദി ആവശ്യപ്പെട്ടു.

നമ്മുടെ രാജ്യത്തെ യുവാക്കള്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്കു പോകുന്നതിനു തടയിടാന്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ബ്രിക്‌സ് ഉച്ചകോടിയില്‍ പറഞ്ഞു. ഭീകരതയ്‌ക്കെതിരായ യുഎന്‍ ഉടമ്പടി അംഗീകരിക്കണമെന്നു മോദി പറഞ്ഞു. ഇന്ത്യ പിന്തുണയ്ക്കുന്നത് യുദ്ധത്തെയല്ല, ചര്‍ച്ചയെയും നയതന്ത്രത്തെയുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംവാദം, നയതന്ത്രം എന്നിവയെയാണ് ഇന്ത്യ പിന്തുണക്കുന്നതെന്നും യുദ്ധത്തെയല്ലെന്നും മോദി പറഞ്ഞു. ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ബ്രിക്‌സ് കൂട്ടായ്മക്ക് കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത വേദിയിലാണ് മോദി ഇന്ത്യയുടെ നിലപാട് പ്രഖ്യാപിച്ചത്.

കോവിഡ് പ്രതിസന്ധി ഒറ്റക്കെട്ടായി മറികടന്നതുപോലെ വരുംതലമുറക്കായി സുരക്ഷിതവും സുദൃഢവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കുന്ന അവസരങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്കാകുമെന്ന് മോദി പറഞ്ഞു. ബ്രിക്‌സ് കൂട്ടായ്മയിലേക്ക് പുതിയ രാജ്യങ്ങളെ സ്വീകരിക്കാന്‍ ഇന്ത്യ സന്നദ്ധമാണ്. ഇക്കാര്യത്തിലുള്ള എല്ലാ തീരുമാനങ്ങളും സമവായത്തോടെയായിരിക്കണം.

കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് റഷ്യയിലെത്തിയത്. 16ാം ബ്രിക്‌സ് ഉച്ചകോടിയാണ് റഷ്യയില്‍ നടക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്.