റഷ്യയുടെ കടുത്ത ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്ന ഉക്രൈനില്‍ നിന്ന് വളര്‍ത്തു നായയെ ഒപ്പം കൂട്ടാതെ രക്ഷപ്പെടാന്‍ തയ്യാറല്ല എന്നറിയിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി.
റിഷഭ് കൗശിക് എന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് തന്റെ വളര്‍ത്തുനായയെ രക്ഷപ്പെടുത്താനായി ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയത്.
ഖാര്‍കീവ് നാഷ്ണല്‍ യൂണിവേഴ്സിറ്റിയില്‍ മൂന്നാം വര്‍ഷ റേഡിയോ ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥിയാണ് റിഷഭ്. മലിബു എന്നാണ് റിഷഭിന്റെ വളര്‍ത്തു നായയുടെ പേര്. ബോംബുകളുടെയും വെടിയൊച്ചകളുടയും ശബ്ദത്തെ തുടര്‍ന്ന് മലിബു പേടിച്ച് കരഞ്ഞു കൊണ്ടിരിക്കുകയാണ് എന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് റിഷഭ് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
മലിബുവിനെ കൂടെ കൂട്ടാന്‍ ആവശ്യമായ രേഖകള്‍ തന്റെ കയ്യില്‍ ഇല്ല. ഇതിനായി ഇന്ത്യന്‍ സര്‍ക്കാരിന്റെ അനിമല്‍ ക്വാറന്റീന് ആന്‍ഡ് സര്ട്ടിഫിക്കേഷന് സര്‍വീസുമായി ബന്ധപ്പെട്ടു. എന്നാല്‍ ഫലം ഒന്നുമുണ്ടായില്ല എന്നും റിഷഭ് പറയുന്നു.
എല്ലാവരും തന്നോട് എയര്‍ ടിക്കറ്റ് എവിടെ എന്നാണ് ചോദിക്കുന്നത്. തന്റെ ബുദ്ധിമുട്ട് അറിയിക്കാന്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ അധികൃതരെ ബന്ധപ്പെട്ടു. എന്നാല്‍ അവര്‍ അധിക്ഷേപിക്കുകയാണ് ചെയ്തത്. കീവിലെ ഭൂഗര്‍ഭ ബങ്കറിലാണ് വളര്‍ത്തു നായയ്ക്കൊപ്പം നിലവില്‍ കഴിയുന്നത്. ഇടയ്ക്കിടയ്ക്ക് നായയ്ക്ക് ചൂട് കിട്ടുന്നതിനായി അതിനെ പുറത്തേക്ക് കൊണ്ടുവരുന്നുണ്ട് എന്നും വീഡിയോയില്‍ പറയുന്നു.