സാങ്കേതിക തകരാറുകള്‍ കാരണം ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസിന്റെ മടങ്ങി വരവിനെ കുറിച്ച് ഉത്തരമില്ലാതെ നാസ. മടങ്ങി വരവിന് മാസങ്ങളെടുത്തേക്കുമെന്നാണ് വിലയിരുത്തല്‍. ബോയിങ്ങിന്റെ സ്റ്റാര്‍ ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ഇതുവരെ സാധിക്കാത്തതാണ് സുനിത വില്യംസിന്റെ തിരിച്ചുവരവ് അനശ്ചിതത്വത്തിലാക്കുന്നത്.
തകരാറുകള്‍ പരിഹരിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരും. 2024 ജൂണ്‍ 5ന് ആയിരുന്നു സുനിത വില്യംസും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററിലേക്ക് യാത്ര തിരിച്ചത്. ഒരാഴ്ച ദൈര്‍ഘ്യം മാത്രമുള്ള ദൗത്യത്തിനായിരുന്നു ഇരുവരും ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററിലേക്ക് യാത്ര നടത്തിയത്.
സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച, വാല്‍വ് പിഴവുകള്‍ ഉള്‍പ്പെടെയുള്ള തകരാറുകള്‍ വിക്ഷേപണത്തിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇരു സഞ്ചാരികളും ബഹിരാകാശത്ത് കുടുങ്ങിയിട്ട് 70 ദിവസത്തിനോട് അടുക്കുകയാണ്. ഇരുവരുടെയും ആരോഗ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആശങ്കകള്‍ തുടരുകയാണ്.