കാനഡയില്‍ സിഖുകാരനുനേരെ വംശീയാധിക്ഷേപം ; തലപ്പാവ് ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു

കാനഡയില്‍ സിഖ്കാരനുനേരെ വംശീയാധിക്ഷേപം നടന്നതായി ആരോപണം. കനേഡിയന്‍ ക്ലബിലെ ഉദ്യോഗസ്ഥ തലപ്പാവ് ധരിച്ച തന്നോട് ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതായി ജസ്വിന്ദര്‍ സിംഗ് ധലൈവാല്‍ പറഞ്ഞതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യ്തു.

റോയല്‍ കനേഡിയന്‍ ലീജിയണ്‍ ക്ലബില്‍ തന്റെ സുഹൃത്തുക്കളോടൊപ്പം ഇരുന്നപ്പോഴാണ് തലപ്പാവ് ഊരിമാറ്റാന്‍ ആവശ്യപ്പെട്ടതെന്ന് ജസീന്ദര്‍ പറയുന്നു. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ചെത്തിയ യുവതി മോശമായി പെരുമാറിയതായും തലപ്പാവ് ഊരിമാറ്റില്ലെങ്കില്‍ തട്ടിത്തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ജസീന്ദര്‍ പറയുന്നു.

ക്ലബിനുള്ളില്‍ 60 വയസ് കഴിഞ്ഞവര്‍ക്ക് മാത്രമെ തൊപ്പി ധരിച്ചെത്താന്‍ അനുവാദമുള്ളുവെന്ന് അധികൃതര്‍ പറയുന്നു. അതേസമയം, ക്ലബിലെ നിയമത്തില്‍ നി്ന്നും മതപരമായ വസ്ത്രങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് ജസീന്ദറും പറയുന്നു.

ജസീന്ദറിനു നേരെയുള്ള അധിക്ഷേപത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഉടനടി നടപടിയുമായി ക്ലബ് അധികൃതര്‍ രംഗത്തെത്തി. വിഷയത്തില്‍ ജസീന്ദറിനോട് മാപ്പ് ചോദിക്കുന്നതായി ക്ലബ് നടത്തിപ്പുകാരായ സംഘടനയുടെ പ്രസിഡന്റ് സ്റ്റീഫന്‍ ഗാലന്റ് പറഞ്ഞു. തലപ്പാവ് സിഖുകാരുടെ മതചിഹ്നമാണെന്ന് യുവതിക്ക് അറിയാത്തതുകൊണ്ട് സംഭവിച്ചാതാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.