കാനഡയിലെ വാൻകൂവർ നഗരത്തിൽ ഒരു തെരുവ് ഉത്സവത്തിനിടെ ഡ്രൈവർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി ഒമ്പത് പേര് മരണപ്പെട്ടതായി റിപ്പോർട്ട്. പ്രാദേശിക സമയം രാത്രി 8 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ ഫ്രേസർ പരിസരത്ത് സൺസെറ്റ് ലാപു ലാപു ദിനം ആഘോഷിക്കാൻ ഫിലിപ്പിനോ സമൂഹത്തിലെ അംഗങ്ങൾ വൻതോതിൽ ഒത്തുകൂടിയ സമയത്താണ് സംഭവം. ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി പോലീസ്.
“ഇന്ന് രാത്രി 8 മണിക്ക് ശേഷം E. 41st അവന്യൂവിലും ഫ്രേസറിലും നടന്ന ഉത്സവത്തിനിടെ ഒരു ഡ്രൈവർ ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവർ കസ്റ്റഡിയിലാണ്. അന്വേഷണം പുരോഗമിക്കുമ്പോൾ ഞങ്ങൾ കൂടുതൽ വിവരങ്ങൾ നൽകും.” വാൻകൂവർ പോലീസ് പ്രസ്താവനയിൽ പറയുന്നു. പിന്നീട്, സംഭവത്തിൽ കുറഞ്ഞത് ഒമ്പത് പേരെങ്കിലും മരിച്ചതായി പോലീസ് അറിയിച്ചു.
Read more
ഉത്സവത്തിനിടയിലൂടെ ഒരു കറുത്ത എസ്‌യുവി അതിവേഗത്തിൽ പാഞ്ഞുവന്ന് ജനക്കൂട്ടത്തിനിടയിലൂടെ പാഞ്ഞുകയറുകയും നിരവധി ആളുകളെ ഇടിച്ചുതെറിപ്പിച്ചതായി ദൃക്‌സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. കാറിന്റെ ഡ്രൈവർ ഒരു ഏഷ്യൻ യുവാവാണെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും അവർ പറഞ്ഞു. കാർ ആക്രമണത്തിന് ശേഷം തെരുവിൽ മൃതദേഹങ്ങൾ കിടക്കുന്നത് കാണിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.