അഫ്ഗാൻ സുരക്ഷയ്ക്ക് മുൻഗണന നൽകി ഇന്ത്യ-മദ്ധ്യേഷ്യ ഉച്ചകോടി, ഞൊടിയിടയിൽ കരു നീക്കി ചൈന

അഫ്ഗാനിസ്ഥാനിൽ സുസ്ഥിര ഭരണം ഉറപ്പാക്കാനും തീവ്രവാദ ഭീഷണി ഇല്ലാതാക്കാനും സംയുക്ത ഉന്നതതല പ്രവർത്തന സമിതി രൂപീകരിക്കാൻ ഇന്ത്യയും മധ്യേഷ്യൻ രാജ്യങ്ങളും പങ്കെടുത്ത ഉച്ചകോടി തീരുമാനിച്ചു.

മധ്യേഷ്യൻ രാജ്യങ്ങൾക്കു വിവരസാങ്കേതികവിദ്യ കൈമാറൽ, ഭീകരവിരുദ്ധ പരിശീലനം, നയതന്ത്ര രംഗത്തു പരിശീലനം തുടങ്ങിയവയും ഇന്ത്യ നടപ്പാക്കും. മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് പ്രതിവർഷം 100 യുവാക്കളെ ഉന്നതപഠനത്തിനും പരിശീലനത്തിനുമായി ഇന്ത്യ സ്വീകരിക്കും.

കസഖ്സ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച ഉച്ചകോടിയിൽ പങ്കെടുത്തു. അഫ്ഗാനിസ്ഥാനിൽ ഇന്ത്യയുടെ അതേ നിലപാടാണ് മധ്യേഷ്യൻ രാജ്യങ്ങൾക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ സൂചിപ്പിച്ചു.

അതിനിടെ ഇന്ത്യ ഉച്ചകോടി പ്രഖ്യാപിച്ചതിന് ശേഷം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ജനുവരി 25 ന് മധ്യേഷ്യൻ രാജ്യങ്ങളിലെ നേതാക്കളുമായി ചൈന ഒരു ഉച്ചകോടി നടത്തി. ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിംഗ് മേഖലയ്ക്ക് 500 മില്യൺ ഡോളർ സഹായം വാഗ്ദാനം ചെയ്യുകയും രാജ്യങ്ങളുമായുള്ള വ്യാപാരം ശക്തിപ്പെടുത്തുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.