'ചത്ത പൂമ്പാറ്റയെ വെള്ളത്തില്‍ കലർത്തി സ്വന്തം കാലിന്റെ ഞരമ്പില്‍ കുത്തിവച്ച് ചലഞ്ച്'; 14-കാരന് ദാരുണാന്ത്യം

ചത്ത പൂമ്പാറ്റയെ വെള്ളത്തില്‍ കലർത്തി സ്വന്തം കാല്‍ ഞരമ്പില്‍ കുത്തിവച്ച് ചലഞ്ച് നടത്തിയ 14 -കാരന് ദാരുണാന്ത്യം. ഡേവി ന്യൂൺസ് മൊറേറ എന്ന 14 -കാരനാണ് മരിച്ചത്. ഏഴ് ദിവസത്തോളം അതികഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി ന്യൂൺസ് മൊറേറ എന്ന 14 -കാരൻ മരണത്തിന് കീഴടങ്ങിയത്.

പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തില്‍ കുത്തിവയ്ക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചലഞ്ചിന്‍റെ ഭാഗമാണെന്നും ബ്രസീലിയന്‍ പൊലീസ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കുത്തിവെയ്പ്പിന് പിന്നാലെ ശക്തമായ വേദന അനുഭവപ്പെട്ട ഡേവി ന്യൂൺസ് മൊറേറയെ വിറ്റോറിയ ഡി കോൺക്വിസ്റ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ഏഴ് ദിവസത്തോളം അതികഠിനമായ വേദന അനുഭവിച്ച ശേഷമാണ് ഡേവി മരണത്തിന് കീഴടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മരിക്കുന്നതിന് മുമ്പ്, മരിച്ച ഒരു പൂമ്പാറ്റയെ വെള്ളത്തില്‍ കലർത്തിയ ശേഷം ആ വെള്ളം തന്‍റെ കാല്‍ ഞരമ്പില്‍ കുത്തിവച്ചെന്ന് കൌമാരക്കാരന്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. അതേസമയം കുട്ടിയുടെ മരണത്തിന് ഇടയാക്കിയ സമൂഹ മാധ്യമ ചലഞ്ചിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഡേവി ന്യൂൺസ് മൊറേറയ്ക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥയും അലർജി പ്രശ്നങ്ങളും അനുഭവപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എന്ത് വലിപ്പമുള്ള പൂമ്പാറ്റയുടെ ജഡമാണ് വിദ്യാര്‍ത്ഥി കുത്തിവയ്ക്കാനായി ഉപയോഗിച്ചതെന്ന് അറിയില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അത്തരമൊരു കുത്തിവയ്പ്പിനിടെ ഒരു പക്ഷേ രക്തധമനികളിലേക്ക് വായു കയറിയിരുന്നിരിക്കാം. അതാകാം, ചിലപ്പോൾ രക്തം കട്ടിപിടിക്കാനുള്ള കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. രക്ത ധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് വിദ്യാര്‍ത്ഥിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Read more