ചൈനീസ് കമ്പനിയായ വാവേ(Huawei) ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപണവുമായി അമേരിക്ക. 5ജി നടപ്പാക്കുമ്പോള്‍ വാവേ (Huawei)യുടെ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ത്യയെ ചൈന നിര്‍ബന്ധിക്കുന്നതായാണ് അമേരിക്കയുടെ ആരോപണം. യു.എസ് കോണ്‍ഗ്രസില്‍ സെനറ്റര്‍ മാര്‍ഷ ബ്ലാക്ബേണ്‍ ആണ് ഈ ആരോപണമുന്നയിച്ചത്. വാവേക്കു മേല്‍ അമേരിക്ക ഉപരോധം കൊണ്ടു വന്നതു മുതല്‍ ചങ്ങാത്തമുള്ള എല്ലാ രാജ്യങ്ങളിലും ഈ കമ്പനിയെ വിലക്കാനുള്ള നീക്കം അവര്‍ നടത്തുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ചാരപ്രവര്‍ത്തനങ്ങള്‍ക്കായി വാവേയെ ഉപയോഗിക്കുന്നു എന്നാണ് അമേരിക്കയുടെ ആരോപണം. വാവേയുടെ സ്ഥാപകന്‍ റെന്‍ സെങ്ഫെയി പട്ടാളത്തിലെ വിവര സാങ്കേതിക വിഭാഗം കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് എന്ന ബന്ധവും അമേരിക്ക എടുത്തു കാണിക്കുന്നു. അമേരിക്കന്‍ ഉപരോധം വന്നതോടെ അമേരിക്കയോട് കൂറു പുലര്‍ത്തുന്ന രാജ്യങ്ങള്‍ വാവേയെ നിരോധിച്ചിരുന്നു. അതേ സമയം റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാവേക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.
അമേരിക്കന്‍ കമ്പനിയായ ആപ്പിളിനെ പിന്നിലാക്കി ആഗോളതലത്തില്‍ ടെലികോം രംഗത്തെ രണ്ടാമത്തെ കമ്പനിയായി വാവേ മാറിയ സാഹചര്യത്തില്‍ കൂടിയാണ് ഉപരോധം വരുന്നത്. ഇന്ത്യ തുടങ്ങാനിരിക്കുന്ന 5ജി വികസന രംഗത്ത് വാവേയുടെ പങ്കാളിത്തമുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എയര്‍ടെല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ വാവേയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് 5ജി പരീക്ഷണം നടത്തുകയും ചെയ്തിരുന്നു.
വാവേയെ നിരോധിക്കാന്‍ ഇന്ത്യക്കു മേല്‍ അമേരിക്ക പലതരത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് യു.എസ് സെനറ്റര്‍ പ്രസ്താവനയുമായി രംഗത്തു വരുന്നത്.