പുതുവര്‍ഷത്തില്‍ ചൈന കടന്നു പോകുന്നത് വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്. രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നതിനിടെയാണ് പ്രസിഡന്റിന്റെ തുറന്നു പറച്ചില്‍. ജനങ്ങള്‍ ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്നും രാജ്യം കോവിഡ് നിയന്ത്രണ വിധേയമാക്കിയെന്നും പുതുവത്സര സന്ദേശത്തില്‍ ഷി ജിന്‍പിങ്ങ് വ്യക്തമാക്കി. നിരാശയോടെയുള്ള പ്രസിഡന്റിന്റെ പ്രസംഗം രാജ്യത്തെ ജനങ്ങളില്‍ ആശങ്ക ഉളവാക്കിയിട്ടുണ്ട്.
ചൈനയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ കോവിഡ് നിരക്കുകള്‍ കുതിച്ചുകൊണ്ടിരിക്കുന്നതില്‍ ലോകാരോഗ്യസംഘടന ആശങ്ക രേഖപ്പെടുത്തി. മരണപ്പെടുന്നവരുടേയും ആശുപത്രിയില്‍ എത്തുന്നവരുടേയും എണ്ണം ചൈനയില്‍ ദിനംപ്രതി വര്‍ധിക്കുന്നതിനിടെയാണ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചത്. ഇതോടെ കോവിഡ് നിരക്കുകള്‍ വീണ്ടും കുത്തനെ ഉയരുകയാണെന്നും അതില്‍ ആശങ്കയുണ്ടെന്നും ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ്.
ചൈനയില്‍ നിന്നുള്ള യാത്രികര്‍ക്ക് നിരവധി രാജ്യങ്ങള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെക്കുറിച്ചും ലോകാരോഗ്യസംഘടന പരാമര്‍ശിച്ചു. വ്യാപനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ രാജ്യങ്ങള്‍ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള
നടപടികള്‍ കൈക്കൊള്ളുന്നത് മനസ്സിലാക്കാനാകുമെന്ന് അദേഹം പറഞ്ഞു. കോവിഡിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും മറ്റുമുള്ള ഡാറ്റകള്‍ കൈമാറാനും പഠനങ്ങള്‍ നടത്താനും ചൈനയോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷം, ജനുവരി എട്ടു മുതല്‍ വിനോദസഞ്ചാരികള്‍ക്കായി പാസ്‌പോര്‍ട്ട് അനുവദിക്കുമെന്നാണ് ചൈന വ്യക്തമാക്കിയത്. മൂന്നു വര്‍ഷത്തോളമായി രാജ്യത്ത് നിലനില്‍ക്കുന്ന ശക്തമായ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ തീരുമാനിച്ചതിന്റെ ഭാഗമാണിത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവനുവദിച്ചതോടെയാണ് ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടായത്. ജനങ്ങളില്‍ സ്വാഭാവിക രോഗപ്രതിരോധശേഷിയിലുണ്ടായ കുറവും തദ്ദേശീയ വാക്സിന്റെ അപര്യാപ്തതയുമാണ് ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനത്തിലേക്ക് വഴിവെച്ചത് എന്നാണ് കണ്ടെത്തല്‍. ഏഴായിരത്തിലധികം കോവിഡ് കേസുകളാണ് ഇന്നലെ ചൈനയില്‍ റിപ്പോര്‍ട്ടു ചെയ്തത്.
അതേസമയം, കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഇന്ത്യ ആര്‍ടിപിടിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. ചൈനയ്ക്കു പുറമേ ജപ്പാന്‍, ഹോങ്കോങ്, സൗത്ത് കൊറിയ, സിംഗപൂര്‍, തായ്ലന്‍ഡ് രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്കാണ് പരിശോധന കര്‍ശനമാക്കിയത്.
Read more
യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ഫലം എയര്‍ സുവിധ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ഇന്ന് മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വിമാനത്താവളങ്ങളില്‍ നിന്ന് ശേഖരിച്ച 5,666 സാമ്പിളുകളില്‍ 53 യാത്രക്കാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ റാന്‍ഡം പരിശോധന നടത്തുമെന്ന് ഡിസംബര്‍ 24ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ വിമാനത്താവളത്തിലെ പൊതു ഇടങ്ങളില്‍ മാസ്‌ക് കര്‍ക്കശമാക്കിയിട്ടുണ്ട്.