ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രതിസന്ധി പരിഹരിക്കുന്നതിനായി മദ്ധ്യസ്ഥത വഹിക്കാനുള്ള വാഗ്ദാനം ഡൊണൾഡ് ട്രംപ് വീണ്ടും ആവർത്തിച്ചപ്പോൾ, ട്രംപിന്റെ മദ്ധ്യസ്ഥത വാഗ്ദാനം ചൈന നിരസിച്ചു. ചർച്ചയിലൂടെ ഇരുരാജ്യങ്ങൾക്കും പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കി.
അതിർത്തി തർക്കം സമാധാനപരമായി പരിഹരിക്കുന്നതിന് ചൈനയുമായി സംസാരിച്ചതായി ഇന്ത്യയും വ്യക്തമാക്കി. രണ്ട് ഏഷ്യൻ ഭീമന്മാർക്കിടയിൽ മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വാഗ്ദാനം ചെയ്തതിനെ തുടർന്നുള്ള വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഒന്നായിരുന്നു. “സമാധാനപരമായി ഇത് പരിഹരിക്കുന്നതിനായി ഞങ്ങൾ ചൈനീസ് ഭാഗവുമായി ഇടപെടുന്നുണ്ട്,” വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.