“ചൈനീസ് സൂപ്പർമാൻ” എന്നറിയപ്പെടുന്ന വു യോംഗിംഗ് (26) സാഹസിക പ്രകടനത്തിനിടെ കെട്ടിടത്തിൽനിന്നു വീണു മരിച്ചു. 62 നിലകളുള്ള കെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടന്നു സാഹസിക അഭ്യാസപ്രകടനം നടത്തുന്നതിനിടെ ചൈനീസ് അഭ്യാസി കെട്ടിടത്തിൽനിന്നു വീണു മരിക്കുകയായിരുന്നു.
ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ബഹുനിലകെട്ടിടത്തിനു മുകളിൽ അഭ്യാസം നടത്തവെയാണ് അപകടമുണ്ടായത്. പുൾ അപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈവിട്ടു നിലത്തുവീഴുകയായിരുന്നു. 15 സെക്കന്േറാളം പിടിച്ചു കയറാൻ ശ്രമം നടത്തിയെങ്കിലും വുവിന്റെ ശ്രമം വിഫലമാകുകയായിരുന്നു. നവംബർ എട്ടിനാണ് ഈ അപകടമുണ്ടായതെങ്കിലും കഴിഞ്ഞ ദിവസമാണ് വുവിന്റെ കാമുകി സോഷ്യൽ മീഡിയയിലൂടെ മരണം സ്ഥിരീകരിച്ചത്.
Read more
യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് ഇയാൾ ഈ സാഹസിക പ്രകടനം നടത്തിയത്. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ വുവിന്റെ വീഡിയോകൾക്കു വൻ പ്രചാരമുണ്ട്. അതേസമയം, അമ്മയുടെ ചികിത്സാചിലവിനു പണംകണ്ടെത്താൻ 15,000 ഡോളർ പന്തയം വച്ചാണ് വു സാഹസത്തിനു മുതിർന്നതെന്നു ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു.