ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് ഉടമസ്ഥതയിലുള്ള ജനപ്രിയ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ ഡൗൺലോഡും മെസേജിംഗ്, പേയ്മെന്റ് ആപ്പ് വീചാറ്റിന്റെ ഉപയോഗവും നിരോധിക്കുന്നതായി അമേരിക്ക വെള്ളിയാഴ്ച ഉത്തരവിട്ടു.
യു.എസ്-ചൈന പിരിമുറുക്കങ്ങളും, അമേരിക്കൻ നിക്ഷേപകർക്ക് ടിക് ടോക്കിന്റെ വിൽപ്പന ഇടപാട് ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കുമിടയിലാണ് ആപ്പുകളുടെ നിരോധനം ഞായറാഴ്ച നടപ്പിലാവുക.
“യു.എസിന്റെ ദേശീയ സുരക്ഷ, വിദേശനയം, സമ്പദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി,” യു.എസ് വാണിജ്യ സെക്രട്ടറി വിൽബർ റോസ് പ്രസ്താവനയിൽ പറഞ്ഞു.
യു.എസിൽ ഞായറാഴ്ച മുതൽ വീചാറ്റ് പൂർണമായി നിരോധിക്കുമെങ്കിലും, നിലവിലുള്ള ടിക്ക് ടോക്ക് ഉപയോക്താവിന് നവംബർ 12 വരെ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് തുടരാൻ കഴിയും – തുടർന്ന് ആപ്പിന്റെ യുഎസ് പ്രവർത്തനങ്ങൾക്ക് പൂർണമായ നിരോധനം നേരിടേണ്ടിവരും.
ടിക് ടോക്കുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ആശങ്കകൾ ഇതിനു മുമ്പ് പരിഹരിക്കുകയാണെങ്കിൽ ഉത്തരവ് പിൻവലിച്ചേക്കുമെന്നും വാണിജ്യ വകുപ്പ് അറിയിച്ചു.