കൊളംബിയയില്‍ മയക്കു മരുന്ന് കടത്താന്‍ ഉപയോഗിച്ച തേങ്ങകള്‍ പൊലീസ് പിടിച്ചെടുത്തു. 20,000 തേങ്ങകളാണ് പിടിച്ചെടുത്തത്. തേങ്ങയിലെ വെള്ളം കളഞ്ഞതിന് ശേഷം അതിനുള്ളില്‍ ദ്രാവകരൂപത്തിലുള്ള കൊക്കെയ്ന്‍ നിറച്ച് കടത്താനുള്ള ശ്രമത്തിനിടയിലാണ് പൊലീസ് പിടിച്ചെടുത്തത്. വ്യാഴാഴ്ച ആയിരുന്നു സംഭവം.
500ല്‍ അധികം ചാക്കുകളിലാക്കി കണ്ടെയിനറില്‍ സൂക്ഷിച്ചിരുന്ന തേങ്ങകള്‍ കൊളംബിയയിലെ മയക്കു മരുന്ന് വിരുദ്ധ സേനയും പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. കാര്‍ട്ടിഗാന തുറമുഖത്തു വെച്ചായിരുന്നു ഇത് കണ്ടെത്തിയത്. തുറമുഖം വഴി മയക്കുമരുന്ന് ഇറ്റലിയിലെ ജനോവയിലേക്ക് കടത്താനായിരുന്നു ശ്രമം.
ഓരോ തേങ്ങയിലും നിറച്ചിരിക്കുന്ന കൊക്കെയിനിന്റെ അളവ് അറിയാനായി ഇവ പരിശോധിക്കാന്‍ ലാബിലേക്ക് അയച്ചു. തേങ്ങകളില്‍ ചെറിയ സുഷിരങ്ങളിട്ട് അതിലെ വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം ദ്രാവകരൂപത്തിലുള്ള കൊക്കെയിന്‍ സിറിഞ്ചു വഴി നിറയ്ക്കുകയായിരുന്നു എന്നാണ് കരുതുന്നത്. സംഭവത്തില്‍ കൊളംബിയ നാഷണല്‍ പൊലീസിനു കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.