ഫിലിപ്പീന്‍സില്‍ പരസ്പര സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനുള്ള പ്രായപരിധി 16 വയസാക്കി ഉയര്‍ത്തി. നേരത്തെ ഇത് പന്ത്രണ്ട് വയസായിരുന്നു. നൂറു വര്‍ഷക്കാലത്തോളം രാജ്യത്ത് 12 വയസാണ് പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ കുറഞ്ഞ പ്രായപരിധിയായി നിലനിന്നിരുന്നത്. വെള്ളിയാഴ്ചയാണ് പ്രായപരിധി 16 വയസാക്കിക്കൊണ്ടുള്ള പുതിയ ബില്ലില്‍ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടര്‍ട്ടെ ഒപ്പുവെച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗിക ചൂഷണത്തില്‍ നിന്നും പീഡനത്തില്‍ നിന്നും സംരക്ഷിക്കുന്നതിാണ് ഇത്തരത്തില്‍ ഒരു തീരുമാനം എന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. നിയമം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിയമം അനുസരിച്ച് 16 വയസിന് താഴെയുള്ള കുട്ടികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അത് നിയമവിരുദ്ധവും 40 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായും കണക്കാക്കും.
ഫിലിപ്പീന്‍സില്‍ 1930ലാണ് പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് 12 വയസ് പ്രായപരിധി ആക്കിയത്. രാജ്യത്ത് 13നും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നതായി 2015ല്‍ രാജ്യവ്യാപകമായി യുണിസെഫ് നടത്തിയ പഠനത്തില്‍ പറഞ്ഞിരുന്നു. പ്രായപരിധി ഉയര്‍ത്തിയത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ കുറക്കുമെന്നാണ് രാജ്യത്തെ ആളുകള്‍ പറയുന്നത്.
യൂണിസെഫിന്റെ ഡാറ്റ പ്രകാരം പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിന് ഏറ്റവും കുറഞ്ഞ പ്രായപരിധി നിശ്ചയിച്ചിട്ടുള്ള രാജ്യം നൈജീരിയയാണ്. അവിടെ 11 ആണ് പ്രായപരിധി. ഇതിന്റെ തൊട്ടുപിന്നിലായിരുന്നു ഫിലിപ്പീന്‍സിന്റെ സ്ഥാനം.