അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആദ്യമായി അനുയായികൾക്ക് കമല ഹാരിസിന്റെ വീഡിയോ സന്ദേശം. കരുത്ത് ചോർന്നുപോകാതെ പോരാട്ടം തുടരാനാണ് കമല ഹാരിസിന്റെ നിർദേശം. അതേസമയം കമല ഹാരിസിൻ്റെ വീഡിയോ സന്ദേശത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി.
യുഎസ് വൈസ് പ്രസിഡന്റും തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായിരുന്ന കമലാ ഹാരിസിനെ പിന്തള്ളി ഡൊണാൾഡ് ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടിയ പശ്ചാത്തലത്തിലാണ് കമല എക്‌സിൽ ഒരു ഹ്രസ്വവീഡിയോ പോസ്റ്റ് ചെയ്തത്. നവംബർ അഞ്ചിന് മുമ്പുവരെ എങ്ങനെയായിരുന്നോ പ്രവർത്തിച്ചിരുന്നത് അതുതുടർന്നും പ്രാവർത്തികമാക്കാനുള്ള ശക്തിയും ഊർജവും ഇപ്പോഴും പ്രവർത്തകരിൽ ഉണ്ടെന്ന് കമല പാർട്ടി അനുഭാവികളെ ഓർമിപ്പിച്ചു.
‘ഒരു കാര്യം നിങ്ങളെ ഓർമപ്പെടുത്തുകയാണ്. നിങ്ങൾക്കുള്ളിലെ കരുത്ത് കവർന്നെടുക്കാൻ ആരെയും അനുവദിച്ചുകൂടാ. നവംബർ അഞ്ചുവരെ നിങ്ങൾക്കുണ്ടായിരുന്ന ആ കരുത്ത് നിങ്ങൾക്കൊപ്പമുണ്ട്, ഒരേ ലക്ഷ്യത്തിനായി ഒന്നിക്കുകയും ചെയ്‌തിട്ടുണ്ട്. പ്രചോദിപ്പിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ് നിങ്ങളിലുണ്ട്. അതുകൊണ്ട് നിങ്ങളിലെ കരുത്ത് കവർന്നെടുക്കാൻ ആരെയും, ഒരു സാഹചര്യത്തെയും ഒരിക്കലും അനുവദിക്കരുത്’ എന്നായിരുന്നു കമലയുടെ വീഡിയോ സന്ദേശം.