ക്രിസ്തുമസ് ആശംസിച്ചാല്‍ നരകത്തില്‍ പോകും; ദൈവപുത്രന്‍ ജനിക്കുന്നതിനെ ഇസ്ലാമിന് അനുകൂലിക്കാന്‍ കഴിയില്ല; ഫത്വയുമായി വിവാദ മതപ്രഭാഷകനായ സക്കീര്‍ നായിക്ക്

ഹാപ്പി ക്രിസ്മസ് എന്ന ആസംശകള്‍ മുസ്ലീംങ്ങള്‍ പറയുന്നത് പോലും മതനിഷേധമാണെന്ന് വിവാദ മതപ്രഭാഷകനായ സക്കീര്‍ നായിക്ക്. സോഷ്യല്‍ മീഡിയയിലൂടെയാണ് അദേഹം മതവിദ്വേഷം പ്രചരിപ്പിച്ചിരിക്കുന്നത്. മുസ്ലീങ്ങള്‍ ക്രിസ്മസ് ആശംസ പറയുന്നത് അള്ളാഹു കാണുന്നുണ്ട്. ഇതു ശിര്‍ക്കാണ്. ദൈവപുത്രന്‍ ജനിക്കുന്നുവെന്നതിന് അനുകൂലിക്കാന്‍ ഒരു മുസ്ലീമിനും കഴിയില്ല. ഹാപ്പി ക്രിസ്മസ് പറയുന്നതിലൂടെ നിങ്ങള്‍ ഇസ്ലാം മതത്തെ തന്നെ അധിക്ഷേപിക്കുകയാണ്.

ഖുറാനില്‍ ഇത്തരം കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട് . ക്രിസ്തുമസ് ആശംസിച്ചാല്‍ നരകത്തില്‍ പോകും. ‘മെറി ക്രിസ്മസ്’ എന്ന് പറയുന്നത് ഇസ്ലാമിക നയങ്ങള്‍ക്കെതിരാണെന്നാണ്, അതുകൊണ്ട് അത്തരം ഒരു വാക്ക് പോലും പറയാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സാക്കിര്‍ നായിക് പറയുന്നു.

ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിലൂകെ നിങ്ങള്‍ ജഹന്നാമില്‍ (നരകം) സ്ഥാനം പണിയുന്നു അതിനാല്‍, ഖുറാന്റെയും സുന്നത്തിന്റെയും മാര്‍ഗനിര്‍ദേശം നിങ്ങള്‍ പിന്തുടരണം. അതിനാല്‍, മുസ്ലീം മതസ്ഥര്‍ ആരും തന്നെ ക്രിസ്തുമസ് ആഘോഷിക്കുകയോ ആശംസകള്‍ നേരുകയോ ക്രിസ്തുമസ് ഗിഫ്റ്റ് കൈമാറുകയോ ചെയ്യരുതെന്ന നിര്‍ദേശവും സാക്കിര്‍ നായിക്ക് മുന്നോട്ട് വെച്ചിട്ടുണ്ട്.

അതേസമയം, ക്രിസ്മസ് ആഘോഷങ്ങളില്‍ ഒരു മുസ്ലീമും പങ്കെടുക്കരുതെന്നും ഇത്തരം ആഘോഷങ്ങള്‍ക്കെതിരെയും ആരാധനകളോടെല്ലാം ജാഗ്രത പുലര്‍ത്തണമെന്നും എസ്.വൈ.എസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രിസ്മസ് സ്റ്റാര്‍, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലിം സമുദായത്തിലേക്ക് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ മുസ്ലീം സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നിര്‍ദേശം നല്‍കി.

2003ല്‍ ഒരു മുസ്ലിം മന്ത്രി നെറ്റിയില്‍ തിലകം ചാര്‍ത്തി ശൃങ്കേരി മഠം സന്ദര്‍ശിച്ചപ്പോള്‍ സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായ സുന്നി യുവജന സംഘം കര്‍ശനമായ നിലപാടാണെടുത്തത് ഓര്‍മിപ്പിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അമ്പലക്കടവ് ക്രിസ്മസ് ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

”ഇതര മതസ്ഥരോടു സൗഹൃദവും സഹിഷ്ണുതയും കാണിക്കാന്‍ ഇസ്ലാം അനുശാസിക്കുന്നു. വീട്ടില്‍ ആടിനെ അറുത്താല്‍ അയല്‍ക്കാരനായ ജൂതന് ആദ്യം നല്‍കണമെന്നായിരുന്നു പ്രവാചകാനുചരന്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. ഇസ്ലാമിക ഭരണകൂടം ഇതര മതസ്ഥര്‍ക്ക് എല്ലാ വിധ അവകാശാധികാരങ്ങളും വകവെച്ച് കൊടുക്കണമെന്നാണ് നിയമം.

ഇസ്ലാമിക ചരിത്രം ഇത് സാക്ഷീകരിക്കുന്നു. പക്ഷേ, അവരുടെ ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഏക ദൈവാരാധന ഇസ്ലാമിലെ അടിസ്ഥാന വിശ്വാസമാണെന്നതാണ് കാരണം. ഇതര മതസ്ഥരുടെ ചില ആരാധനകളില്‍ പങ്കെടുക്കല്‍ തെറ്റും, മറ്റു ചിലതില്‍ പങ്കെടുക്കല്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്ന കാര്യവുമാണ്. ഇക്കാര്യം വിശദമായും കണിശമായും കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്.

2015ല്‍ നിലവിളക്ക് കൊളുത്തല്‍ വിവാദമുണ്ടായപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഖണ്ഡിതമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അതിപ്രകാരം. ‘മറ്റൊരു മതത്തിന്റെ പ്രത്യേക ആചാരം സ്വീകരിക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ എന്നിവര്‍ പറഞ്ഞു. നിലവിളക്ക് കൊളുത്തല്‍ ഹിന്ദു മതവിഭാഗത്തിന്റെ പ്രത്യേക ആചാരമാണ്. അത് സ്വീകരിക്കല്‍ ഇസ്ലാമിക വിശ്വാസികള്‍ക്ക് അനുവദനീയം അല്ലെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.