പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ വിവാദ പരാമര്‍ശം; ആഭ്യന്തരമന്ത്രിയെ പുറത്താക്കി ബ്രിട്ടീഷ് മന്ത്രിസഭ

ആഭ്യന്തരമന്ത്രി സുവല്ല ബ്രേവര്‍മാരെ പുറത്താക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്ത രീതിയെ എതിര്‍ത്തുകൊണ്ട് സുവല്ല നടത്തിയ അഭിപ്രായ പ്രകടനങ്ങളാണ് പുറത്താക്കല്‍ നടപടിയ്ക്ക കാരണം. ശനിയാഴ്ച ആയിരുന്നു പലസ്തീന്‍ അനുകൂല മാര്‍ച്ച് നടന്നത്.

പൊലീസ് മാര്‍ച്ചിനെ കൈകാര്യം ചെയ്ത സംഭവത്തെ കുറിച്ച് സുവല്ല പ്രസിദ്ധീകരിച്ച ലേഖനം ഋഷി സുനക്കിനെ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു. പലസ്തീന്‍ അനുകൂല മാര്‍ച്ചുകള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നായിരുന്നു സുവല്ലയുടെ ആവശ്യം. പൊലീസിന് പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളോട് മൃദു സമീപനമാണെന്ന സുവല്ലെയുടെ പരാമര്‍ശം ഏറെ വിവാദമുണ്ടാക്കി.

വിദ്വേഷം പരത്തുന്നതാണ് പ്രതിഷേധമെന്നും സുവല്ല അഭിപ്രായപ്പെട്ടിരുന്നു. ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന മന്ത്രിമാരില്‍ ഒരാളായ സുവല്ല ഇന്ത്യന്‍ വംശജയാണ്. അതേ സമയം മന്ത്രി സഭ പുനഃസംഘടനയുടെ ഭാഗമായാണ് സുവല്ലയെ പുറത്താക്കിയതെന്നാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വിശദീകരണം.