ഈ വര്‍ഷം മുതല്‍ ഹജ്ജിനും കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍ബന്ധമാണെന്ന് സൗദി ഹജ്ജ് കാര്യ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് നിര്‍വഹിക്കാനെത്തുന്നവര്‍ കോവിഡ് വാക്സിന്റെ പൂര്‍ണ ഡോസ് കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് സൗദി ഹജ്ജ്-ഉംറ കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഹജ്ജ് നിര്‍വഹിക്കുന്നവര്‍ കോവിഡ് വാക്‌സിന്‍ പൂര്‍ണ ഡോസ് എടുത്തിരിക്കല്‍ നിര്‍ബന്ധമാണെന്നും ഇതില്‍ യാതൊരു ഇളവും ഉണ്ടാകില്ലെന്നും ഹജ്ജ് കാര്യ മന്ത്രാലയം അറിയിച്ചു.
മെനിഞ്ചൈറ്റിസ് വാക്സിനും സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിനും എടുക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഇക്കാര്യങ്ങള്‍ അതാത് രാജ്യങ്ങള്‍ക്കും ട്രാവല്‍ ഏജന്‍സികള്‍ക്കും സൗദി അധികൃതര്‍ കൈമാറും. കഴിഞ്ഞ വര്‍ഷം ഹജ്ജിനും കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമായിരുന്നു. കൂടാതെ മെനിഞ്ചൈറ്റിസ് വാക്സിനും സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനും എടുത്തിരിക്കണം. ഹജ്ജിനെത്തുന്ന തീര്‍ഥാടകന്‍ ഗുരുതരമായ വിട്ടുമാറാത്ത രോഗങ്ങളോ ഏതെങ്കിലും പകര്‍ച്ചവ്യാധികളോ ബാധിച്ചയാളാകരുതെന്നും ആരോഗ്യ നിബന്ധകളില്‍ ഉള്‍പ്പെടുന്നു.
അതേസമയം, കോവിഡാനന്തരം പൂര്‍ണ ശേഷിയില്‍ ഇത്തവണ ഹജ്ജ് നിര്‍വഹിക്കാമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡിന് ശേഷം കഴിഞ്ഞ തവണയടക്കം അതത് രാജ്യങ്ങള്‍ക്ക് നേരത്തെയുള്ള ക്വാട്ട പൂര്‍ണമായി അനുവദിച്ചിരുന്നില്ല.
ഹജ്ജ് തീര്‍ഥാടകര്‍ക്കായി ജിദ്ദയിലേക്കും മദീനയിലേക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍ കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ തീരുമാനമായിട്ടുണ്ട്. ജിദ്ദയിലേക്ക് 31 വിമാനങ്ങളും മദീനയിലേക്ക് ഈ മാസം 23 മുതല്‍ ജൂലൈ 20വരെ ദിവസവും സാധാരണയേക്കാള്‍ ഇരട്ടി സര്‍വിസാണ് പ്രഖ്യാപിച്ചത്. കോവിഡ് ഭീതി ഒഴിഞ്ഞ പശ്ചാത്തലത്തില്‍ ഇത്തവണ 10 ലക്ഷം ഹാജിമാര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ സൗദി അനുവാദം നല്‍കിയിട്ടുണ്ട്.