ചൈനയില്‍ അട്ടിമറിയോ? ഷീ എവിടെ?, 6000 വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി, ട്രെയിന്‍ സര്‍വീസും നിര്‍ത്തി

ബെയ്ജിംഗ് വിമാനത്താവളത്തില്‍ നിന്ന് ആറായിരത്തിലധികം വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. നഗരത്തില്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ കാരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.

വിമാനസര്‍വീസുകള്‍ റദ്ദാക്കിയതിനെക്കുറിച്ച് ചൈനയിലെ വ്യോമയാന വിഭാഗമോ മറ്റുമാധ്യമങ്ങളോ ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ചൈനയിലെ വിവിധ പ്രവിശ്യകളില്‍ അടുത്തിടെയുണ്ടായ കോവിഡ് കേസുകളിലെ വര്‍ധനവാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് ഒരു ചൈനീസ് പോര്‍ട്ടലിനെ ഉദ്ധരിച്ച് എപക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വിമാന സര്‍വീസ് റദ്ദാക്കിയതിനു പിന്നാലെ പ്രസിഡന്റ് ഷീ ജിന്‍പിംഗിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്നും ഷീ ഇപ്പോള്‍ വീട്ടുതടങ്കലിലാണെന്ന അഭ്യൂഹവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഴിമതിക്കേസില്‍ രണ്ട് മുന്‍ മന്ത്രിമാര്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ചൂടുപിടിച്ചത്.

അതിനു പിന്നാലെ ചൈനീസ് പ്രസിഡന്റിനെതിരെ രാഷ്ട്രീയ നീക്കം നടത്തി എന്നാരോപിച്ച് രാജ്യത്തെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥനു വധശിക്ഷ വിധിക്കുകയും ചെയ്തു. കഴിഞ്ഞാഴ്ച അഴിമതിക്കേസില്‍ അഞ്ച് മുന്‍ പൊലീസ് മേധാവികളെ ജയിലിലടച്ചിരുന്നു.

ഉസ്‌ബെക്കിസ്ഥാനില്‍ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷീ ജിന്‍പിംഗ് ഉസ്ബെക്കിസ്താനില്‍ പോയപ്പോഴാണ് അട്ടിമറിക്ക് ഗൂഢാലോചന നടന്നതെന്നാണ് പ്രചരിക്കുന്നത്. ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനില്‍ക്കാതെ ഷീ ജിന്‍പിംഗ് മടങ്ങുകയും ചെയ്തിരുന്നു.

Read more

അതേസമയം, ഇത്തരത്തിലുള്ള പ്രചാരണം അര്‍ഥശൂന്യമാണെന്നാണ് ചൈനീസ് നിരീക്ഷകരുടെ അഭിപ്രായം. ഷീ  ജിന്‍പിംഗിനെപ്പോലെ ശക്തനായ നേതാവിനെ അട്ടിമറിക്കാന്‍, സ്വാധീനം കുറഞ്ഞ ഹു ജിന്താവോയ്ക്കും സംഘത്തിനും എളുപ്പമല്ലെന്ന് അട്ടിമറി വാര്‍ത്ത നിഷേധിക്കുന്നവര്‍ പറയുന്നു.