ദുബായിലെത്തുന്ന സഞ്ചാരികൾക്ക് ഇനി അൽപം സാഹസികരാകാം. വിനോദം മുതലക്കൂട്ടത്തിനൊപ്പം ആയാലോ. ആരും ഭയക്കേണ്ടതില്ല.സുരക്ഷിതരായിത്തന്റെ മതിവരുവോളം മുതലകളോടൊപ്പം സമയം ചെലവഴിക്കാൻ ഇനി സാധിക്കും. രാജ്യത്ത് പുതുതായൊരുക്കിയ ക്രൊക്കൊഡൈൽ പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തിരിക്കുകയാണ് ദുബായ്.
ഇരുനൂറ്റിയമ്പതിലധികം നൈൽ മുതലകളാണ് ഈ പാർക്കിലുള്ളത്. മൂന്ന് മാസം മുതൽ ഇരുപത്തിയഞ്ച് വയസു വരെ പ്രായമുള്ളവ. പാർക്കിൽ വിരിയിച്ചെടുത്ത മുതലക്കുഞ്ഞുങ്ങളുമുണ്ട്.നൈൽ മുതലകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ കൃത്രിമമായി സൃഷ്ടിച്ചിരിക്കുകയാണ് ഇവിടെ. ശീതീകരണം ഉൾപ്പെടെ ഒരുക്കിയിരിക്കുന്നു.
ജലത്തിനടയിലെ മുതലകളുടെ പെരുമാറ്റ രീതികൾ കണ്ടറിയാൻ സഹായിക്കുന്ന ക്രൊക്കൊഡൈൽ അക്വേറിയവും, മുതലകളെ കുറിച്ച് ശാസ്ത്രീയമായി കൂടുതൽ അറിയാൻ സഹായിക്കുന്ന മ്യൂസിയവും, ഇവിടെയുണ്ട്.
ദക്ഷിണാഫ്രിക്കയിൽ നിന്നും ടുണിഷ്യയിൽ നിന്നുമാണ് ഈ മുതലകളെ ദുബായിലെത്തിച്ചത്. ദുബായ്ക്കുള്ള പെരുനാൾ സമ്മാനമായാണ് ക്രൊക്കൊഡൈൽ പാർക്ക് തുറന്നു നൽകിയത് . രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 95 ദിർഹവും കുട്ടികൾക്ക് 75 ദിർഹവുമാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.