മകന്‍ ആത്മീയ വഴി സ്വീകരിച്ചു; ദാവൂദ് ഇബ്രാഹിം കടുത്ത വിഷാദത്തില്‍

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം തന്റെ മകനെ ഓര്‍ത്ത് കടുത്ത നിരാശയിലെന്ന് റിപ്പോര്‍ട്ടുകള്‍. മക്കളില്‍ മൂന്നാമത്തെയാളും, ഏക മകനുമായ മോയിന്‍ നവാസ് ഡി കസ്‌കര്‍ (31) തന്റെ പാത പിന്തുടരാതെ ആത്മീയവഴി സ്വീകരിച്ചതാണ് ദാവൂദിനെ വിഷാദനാക്കിയിരിക്കുന്നത്. മോയിന്‍ ഇപ്പോള്‍ സമ്പൂര്‍ണ പൗരോഹിത്യ മാര്‍ഗത്തിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് കവര്‍ച്ച കേസുകളുമായി ബന്ധപ്പെട്ട് പിടിയിലായ ദാവൂദിന്റെ ഇളയ സഹോദരന്‍ ഇഖ്ബാല്‍ ഇബ്രാഹിം കസ്‌കറിനെ ചോദ്യം ചെയ്തപ്പോഴാണ് മോയിന്റെ വിവരങ്ങള്‍ പുറത്തു വരുന്നത്.

ദാവൂദിന്റെ വ്യവസായങ്ങളില്‍ നിന്ന് ഏറെക്കാലമായി അകന്നു കഴിയുകയാണ് മോയിന്‍ നവാസ്. ദാവൂദിന്റെ പ്രവര്‍ത്തനങ്ങളിലോ ശീലങ്ങളിലോ മോയിന് താല്‍പ്പര്യമില്ല. കടുത്ത മത വിശ്വാസിയായ മോയിന്‍ ഖൂര്‍ ആനിലെ 6236 സൂക്തങ്ങളും മന:പാഠമാക്കിയിട്ടുണ്ട്. ദാവൂദിന്റെ പണക്കൊഴുപ്പിലും മകന് തീരെ താല്‍പ്പര്യമില്ല. മുന്‍പ് ദാവൂദിനൊപ്പം ബിസിനസില്‍ മോയിന്‍ സഹായിച്ചിരുന്നു. പിന്നീടാണ് ആത്മീയപാതയിലേക്ക് തിരിഞ്ഞത്.

Read more

2011ല്‍ കറാച്ചിയിലെ സമ്പന്നനായ വ്യവസായിയുടെ മകള്‍ സാനിയ ഷെയ്ഖിനെയാണ് മോയിന്‍ വിവാഹം ചെയ്തത്. ഇവര്‍ക്ക് മൂന്ന് മക്കളുമുണ്ട്. ബിസിനസ് മാനേജ്മെന്റില്‍ ബിരുദം നേടിയ ആളാണ് മോയിന്‍ നവാസ്. ഇപ്പോള്‍ കറാച്ചിയിലെ ആഡംബര വീട് ഉപേക്ഷിച്ച് പള്ളിയോട് ചേര്‍ന്നുള്ള ചെറിയ വീട്ടിലാണ് താമസം. ഭാര്യയും മക്കളും മോയിന് ഒപ്പം തന്നെയാണ്.