പാക്കിസ്ഥാനിലെ സൈനിക ക്യാമ്പിന് സമീപം ചാവേര്‍ ആക്രമണം; 10 ഭീകരവാദികളെ വധിച്ച് സൈന്യം; അയല്‍ രാജ്യത്ത് തുടരെതുടരെ ഭീകരാക്രമണങ്ങള്‍

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ വീണ്ടും ആക്രമണം. സൈനിക ക്യാമ്പിന് സമീപം ചാവേര്‍ ആക്രമണമാണ് നടന്നിരിക്കുന്നത്. തെഹ്രിക് -ഇ- താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) എന്ന തീവ്രവാദ സംഘടനയാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ടാങ്ക് ജില്ലയിലെ ജന്‍ഡോല സൈനിക ക്യാമ്പില്‍ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ 10 ഭീകരവാദികളെ വധിച്ചതായി പാക് സുരക്ഷാ സേന വ്യക്തമാക്കി.

വാഹനത്തില്‍ ചാവേറായെത്തിയ ഭീകരന്‍ ക്യാമ്പിന് സമീപത്തുവെച്ച് സ്വയം പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്. ചാവേര്‍ സ്ഫോടനത്തിന് പിന്നാലെ ഭീകരര്‍ വെടിയുതിര്‍ത്തു. ശക്തമായ വെടിവെപ്പാണ് പ്രദേശത്ത് നടന്നതെന്ന്. അതേസമയം ജന്‍ഡോള ചെക്ക്പോസ്റ്റ് ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമം പാകിസ്താന്‍ സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞു.

ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വെച്ച് തീവണ്ടി റാഞ്ചിയതിന് പിന്നാലെയാണ് രാജ്യത്ത് ചാവേറാക്രമണം നടക്കുന്നത്. തീവണ്ടി റാഞ്ചിയതിന് പിന്നാലെ ബന്ദികളാക്കിയ യാത്രക്കാരെ പാക് സുരക്ഷാസേന മോചിപ്പിച്ചത് ദിവസം മുഴുവന്‍ നീണ്ട സൈനിക നടപടികള്‍ക്കൊടുവിലായിരുന്നു. ഏറ്റുമുട്ടലില്‍ 33 വിഘടനവാദികളേയാണ് പാക് സൈന്യം വധിച്ചത്. ഇതിനിടെ 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്‌ലിക്റ്റ് ആന്‍ഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2025 ജനുവരിയില്‍ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ കുത്തനെ വര്‍ദ്ധിച്ചു. മുന്‍ മാസത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനവാണ് ഉണ്ടായത്.