ഇംഗ്ലണ്ട, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഡെന്മാര്‍ക്ക്. മാസ്‌ക്, സാമൂഹിക അകലം ഉള്‍പ്പടെ കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് പൂര്‍ണമായും രാജ്യം തുറക്കുകയാണെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്‌റക്‌സന്‍ അറിയിച്ചു.
യൂറോപ്പില്‍ കോവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കുമ്പോഴാണ് അയല്‍രാജ്യങ്ങളെ മാതൃകയാക്കി ഡെന്മാര്‍ക്കും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത്. ഇപ്പോഴും 29,000 ലധികം പ്രതിദിന കോവിഡ് കേസുകളാണ് ഡെന്മാര്‍ക്കിലുളളത്. അഞ്ച് ലക്ഷത്തിലധികം രോഗികളുമുണ്ട്.
നിലവില്‍ ഡെന്മാര്‍ക്കില്‍ ഒമിക്രോണ്‍ വ്യാപനം ശക്തമാണെങ്കിലും ജനങ്ങള്‍ക്കെല്ലാം മൂന്ന് ഡോസ് വാക്‌സിന്‍ നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനാല്‍ ഇനി അപകടമില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കുന്നതിന്റെ ഭാഗമായി സമ്പര്‍ക്ക പട്ടിക പ്രസിദ്ധീകരിക്കുന്ന ആപ്പ് സര്‍ക്കാര്‍ പിന്‍വലിച്ചു. കടകളിലും റെസ്റ്റോറന്റുകളിലും പൊതുഗതാഗതത്തിലും മാസ്‌ക് ആവശ്യമില്ല. ഇന്‍ഡോറുകളില്‍ അനുവദിച്ചിരുന്ന ആളുകളുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം നീക്കി. നിശാ ക്ലബുകളിലുള്‍പ്പടെ ഇനി നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.