ഓസ്കാർ ജേതാവായ പലസ്തീൻ സംവിധായകൻ ഹംദാൻ ബല്ലാലിനെ ഇസ്രായേൽ അധിനിവേശ സേന ഇന്നലെ മർദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ലോക വ്യാപകമായ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് ഇസ്രായേൽ അധിനിവേശ സേന അധികൃതർ ഇന്നലെ അദ്ദേഹത്തെ വിട്ടയച്ചു. “ഒരു സൈനിക താവളത്തിനുള്ളിൽ കൈകൾ ബന്ധിച്ചും മർദ്ദിച്ചും രാത്രി ചെലവഴിച്ച ശേഷം, ഹംദാൻ ബല്ലാൽ ഇപ്പോൾ സ്വതന്ത്രനായി കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുകയാണ്.” സിനിമയുടെ ഇസ്രായേലി സഹസംവിധായകൻ യുവാൽ എബ്രഹാം എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ എഴുതി.
ബല്ലാലിന്റെ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് സഹ സംവിധായകൻ ബേസിൽ അദ്ര എഴുതി: “ഹംദാൻ മോചിതനായി, ഇപ്പോൾ ഹെബ്രോണിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സൈനികരും കുടിയേറ്റക്കാരും ചേർന്ന് ശരീരമാസകലം അദ്ദേഹത്തെ മർദ്ദിച്ചു. ഇന്നലെ രാത്രി സൈനിക താവളത്തിലുടനീളം സൈനികർ അദ്ദേഹത്തെ കണ്ണുകെട്ടിയും കൈകൾ വിലങ്ങുവെച്ചും ഉപേക്ഷിച്ചു.” അധിനിവേശ വെസ്റ്റ് ബാങ്കിലെ സുസ്യ ഗ്രാമത്തിലെ വീട്ടിൽ ഇന്നലെ കുടിയേറ്റക്കാർ ആക്രമിച്ചതിനെത്തുടർന്ന് ബല്ലാലിനെ കസ്റ്റഡിയിലെടുത്തു. കുടിയേറ്റക്കാർ അദ്ദേഹത്തെ മർദിക്കുക മാത്രമല്ല. അദ്ദേഹത്തിന്റെ സ്വത്തുക്കൾ നശിപ്പിക്കുകയും കാറിന്റെ ചില്ലുകൾ തകർക്കുകയും ടയറുകൾ വെട്ടിമാറ്റുകയും ചെയ്തു.
കണ്ണുകെട്ടിയാണ് ബല്ലാലിനെ സൈന്യം കൊണ്ടുപോയതെന്ന് സ്ഥലത്തുണ്ടായിരുന്ന മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. സൈന്യത്തിനൊപ്പവും ജൂത കുടിയേറ്റക്കാർ ഉണ്ടായിരുന്നു.ഓസ്‌റടക്കം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ‘നോ അദർ ലാൻഡ്’ ലോകമെമ്പാടും ചർച്ചയായിരുന്നു. എന്നാൽ, ചിത്രത്തിന് ഓസ്‌കർ പുരസ്‌കാരം നൽകിയതിനെ രൂക്ഷമായ ഭാഷയിലാണ് ഇസ്രയേൽ സർക്കാർ വിമർശിച്ചത്. അവാർഡ് നിശയിൽനിന്ന് മടങ്ങിയെത്തിയതിനുശേഷം നിരവധി തവണ ഹംദാൻ ബല്ലാൽ ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്.