ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍ മോദിയ്ക്ക് കൈകൊടുക്കാതെ ഒഴിവാക്കിയോ?; കൈ നീട്ടി നില്‍ക്കുന്ന മോദിയും മറികടന്ന് പോകുന്ന മക്രോണും ലോകത്ത് ചര്‍ച്ചയാവുമ്പോള്‍

പാരീസ് AI ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഒരു വീഡിയോ ലോകമെമ്പാടും ചര്‍ച്ചയാവുകയാണ്. വേദിയിലിരിക്കുന്ന ലോക നേതാക്കളെ അഭിവാദ്യം ചെയ്ത് മുന്നേറവെ ഫ്രഞ്ച് പ്രസിഡന്റെ പ്രധാനമന്ത്രി മോദിയെ അവഗണിച്ച് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഹസ്തദാനം നല്‍കാതെ പ്രസിഡന്റ് മക്രോണ്‍ മോദിയ്ക്ക് അടുത്തിരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിന് കൈ കൊടുത്ത ശേഷം മോദി നീട്ടിയ കൈ അവഗണിച്ച് പിന്നിലെ നിരയിലെ നേതാക്കള്‍ക്ക് കൈകൊടുക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നീട് മോദിയെ കടന്ന് മുന്‍നിരയിലെ അടുത്ത ലോകനേതാവിന് കൈ നല്‍കി മക്രോണ്‍ നീങ്ങുന്നു.

നീട്ടിയ കൈ പെട്ടെന്ന് താഴ്ത്തി പ്രധാനമന്ത്രി മോദി ആ സാഹചര്യം ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് അപ്പുറത്ത് ഇരുന്ന നേതാക്കള്‍ക്ക് കൈ നല്‍കി സംഭ്രമം ഒഴിവാക്കുന്നുണ്ട്. ചൊവ്വാഴ്ച്ച പാരീസില്‍ നടന്ന എ ഐ ഉച്ചകോടിക്ക് ഇടയില്‍ നടന്ന ‘കൈകൊടുക്കല്‍’ വീഡിയോ കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഒന്നിച്ച് ആതിഥേയത്വം അരുളിയ പരിപാടിയാണ് പാരിസീലെ എഐ സമ്മിറ്റ്. എന്നാല്‍ പരിപാടിയ്ക്ക് ഇടയിലുണ്ടായ ഈ അമ്പരപ്പിക്കുന്ന ദൃശ്യം കാര്യമാക്കേണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാരണം വേദിയിലേക്ക് ഒന്നിച്ചാണ് ഫ്രഞ്ച് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും എത്തിയത്. ഒന്നിച്ച് നടന്നും വേദിയില്‍ ആശ്ലേഷിച്ചുമെല്ലാം കഴിഞ്ഞതിന് ശേഷമാണ് മറ്റ് ലോകനേതാക്കള്‍ക്ക് ഇടയിലേക്ക് മക്രോണ്‍ എത്തിയത്. ആദ്യമേ ഹസ്തദാനം എല്ലാം കഴിഞ്ഞതിനാല്‍ പ്രസിഡന്റ്, മോദിയെ വീണ്ടും അഭിസംബോധന ചെയ്യേണ്ടതില്ലെന്ന് കരുതി ശ്രദ്ധിക്കാതിരുന്നതാവാം എന്നാണ് പരക്കെ പറയുന്നത്.

എന്തായാലും ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ലോക നേതാക്കള്‍ വേദിയില്‍ ഇരിക്കുമ്പോള്‍ ഓരോരുത്തരെയായി ആതിഥേയ രാഷ്ട്രത്തിന്റെ തലവന്‍ ഹസ്തദാനം ചെയ്തു പോവുമ്പോഴുണ്ടായ ഈ സംഭവം പലരുടേയും കണ്ണില്‍ പെടുകയും ദൃശ്യങ്ങള്‍ ചര്‍ച്ചയ്ക്ക് ഇടയാക്കുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തത് വേദിക്ക് പുറത്താണെന്നും അവിടെ വെച്ചു മാക്രോണും മോദിയും കണ്ടുമുട്ടിയ ശേഷം ഇരു നേതാക്കളും കൈകൊടുത്ത് ആശംസകള്‍ പങ്കുവെച്ച ശേഷം മറ്റ് ലോക നേതാക്കള്‍ ഇരിക്കുന്ന വേദിയിലേക്ക് പ്രവേശിച്ചതാണെന്നും വ്യക്തമാണ്. അതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

മോദിയുടെ ആറാമത്തെ സന്ദര്‍ശനമാണ് പ്രധാനമന്ത്രിയായ ശേഷം ഫ്രാന്‍സിലേക്ക്. രണ്ട് ദിവസത്തെ സന്ദര്‍ശന ശേഷം പ്രധാനമന്ത്രി അമേരിയ്ക്കയിലേക്കാണ് പോവുക. ഇരു നേതാക്കളും ഇന്ത്യ-ഫ്രാന്‍സ് ബന്ധം ഒരു പുതിയ ഉയരത്തിലെത്തിച്ച് വിജയകരമായ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ ഉന്നതതല യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം ഇന്ത്യയുടെ പുതിയ കോണ്‍സുലേറ്റ് ജനറലിന്റെ ഉദ്ഘാടനത്തിനായി ബുധനാഴ്ച മോദി മാര്‍സെയിലിലെത്തിയിരുന്നു. ലോകമഹായുദ്ധങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മസാര്‍ഗസ് യുദ്ധ സെമിത്തേരി സന്ദര്‍ശിക്കുന്നത് ഉള്‍പ്പെടെ നിരവധി പ്രധാന പരിപാടികള്‍ നേതാക്കള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാന ആഗോള ന്യൂക്ലിയര്‍ ഫ്യൂഷന്‍ സഹകരണമായ ഇന്റര്‍നാഷണല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്‌സ്പിരിമെന്റല്‍ റിയാക്ടര്‍ (ഐടിആര്‍) പദ്ധതിയിടെ കേന്ദ്രങ്ങളിലും ഇരുനേതാക്കളും ഒന്നിച്ച് പര്യടനം നടത്തുന്നുണ്ട്. എന്നിരിന്നാലും ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രധാനമന്ത്രി മോദിയെ അവഗണിക്കുകയും അപമാനിക്കുകയോ ചെയ്തതായി ഒരു വിഭാഗം സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.