ഇസ്രയേലിലെ യുദ്ധകാല മന്ത്രിസഭയിൽ ഭിന്നത രൂക്ഷമായതിന് പിന്നാലെ രാജിവെച്ച് ഇസ്രായേൽ യുദ്ധ കാബിനറ്റ് മന്ത്രി. ഗാസയുടെ യുദ്ധാനന്തര പദ്ധതിക്ക് നെതന്യാഹു അംഗീകാരം നൽകുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് മുൻ ജനറലും പ്രതിരോധ മന്ത്രിയും എമർജൻസി ബോഡിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നയങ്ങളിൽ ബെന്നി ഗാന്റ്സ് വിയോജിപ്പും രേഖപ്പെടുത്തി.
ഗാസാ മുനമ്പിലെ യുദ്ധ ശേഷമുള്ള ഭരണ സംവിധാനത്തേക്കുറിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ വെളിപ്പെടുത്തിയില്ലെങ്കിൽ രാജി വയ്ക്കുമെന്ന് യുദ്ധ ക്യാബിനറ്റ് മന്ത്രിയായ ബെന്നി ഗാന്റ്സ് നേരത്ത വ്യക്തമാക്കിയിരുന്നു. ജൂൺ 8നുള്ളിൽ തീരുമാനം പ്രഖ്യാപിക്കണമെന്നാണ് ബെന്നി ഗാന്റ്സ് പറഞ്ഞത്. ഇതിന് അനുകൂല നടപടികളൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഇതേത്തുടർന്നായിരുന്നു രാജി.
ഹൃദയ വേദനയോടെയാണ് രാജി വയ്ക്കുന്നതെന്ന് ടെൽ അവീവിൽ രാജി പ്രഖ്യാപനത്തിനിടെ ബെന്നി ഗാന്റ്സ് പ്രതികരിച്ചു. ശരിയായ വിജയത്തിൽ എത്തിച്ചേരുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തടസം സൃഷ്ടിക്കുകയാണെന്നും അതാണ് രാജിക്ക് കാരണമെന്നും വ്യക്തമാക്കിയാണ് ബെന്നി ഗാന്റ്സ് രാജി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് തിയതി തീരുമാനിക്കാൻ പ്രധാനമന്ത്രിയെ വെല്ലുവിളിച്ച ശേഷമാണ് രാജി. പ്രതിപക്ഷ നേതാവ് യേഡ ലാപിഡ് അടക്കമുള്ളവർ ബെന്നി ഗാന്റ്സിന്റെ തീരുമാനത്തെ പിന്തുണച്ച് പ്രതികരണം അറിയിച്ചിട്ടുണ്ട്.\
അതേസമയം ബെന്നി ഗാന്റ്സിന്റെ രാജിക്ക് പിന്നാലെ തന്നെ തീവ്ര വലതുപക്ഷ അനുഭാവിയായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ യുദ്ധ ക്യാബിനറ്റിൽ ഇടം വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്. വെടിനിർത്തൽ നിർദ്ദേശം പിന്തുടർന്നാൽ തീവ്രവലതുപക്ഷവുമായുള്ള സഖ്യം തകർക്കുമെന്നും ബെഞ്ചമിൻ നെതന്യാഹുവിന് ഭരണം നഷ്ടമാകുവെന്നും ഭീഷണി നേരത്തെ മുന്നോട്ട് വച്ചിട്ടുള്ള നേതാവാണ് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ത്രിദിന സന്ദർശനത്തിനായി ഇസ്രയേലിലേക്ക് എത്തുന്നതിന് ഒരു ദിവസം മുൻപാണ് ബെന്നി ഗാന്റ്സിന്റെ രാജി.