'ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങളിലേക്ക് കടക്കരുത്'; പാക്ക് പ്രധാനമന്ത്രിയോട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്

ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങളിലേക്ക് കടക്കരുതെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. പ്രശ്നം പരിഹരിക്കാൻ സാധ്യമായ എല്ലാ നയതന്ത്ര മാർഗങ്ങളും പ്രയോഗിക്കണമെന്നും നവാസ് ഷെരീഫ് പറഞ്ഞു. നവാസ് ഷെരീഫിന്റെ സഹോദരൻ കൂടിയാണ് ഷഹബാസ്. ഞായറാഴ്ച ലഹോറിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ഇന്ത്യയുടെ നടപടിക്ക് ബദലായി പാക്കിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗത്തിനുശേഷം സ്വീകരിച്ച നടപടികൾ ഷഹബാസ് നവാസ് ഷെരീഫിനെ ധരിപ്പിച്ചു. സിന്ധു നദീജല കരാർ റദ്ദാക്കാൻ ഇന്ത്യ ഏകപക്ഷീയമായി എടുത്ത തീരുമാനം മേഖലയിൽ യുദ്ധ ഭീഷണിയുണ്ടാക്കുന്നതാണെന്ന് ഷഹബാസ് നവാസ് ഷെരീഫിനോട് പറഞ്ഞു.

Read more

എന്നാൽ ഇന്ത്യയ്ക്കെതിരെ കടുത്ത നീക്കങ്ങൾ അരുതെന്ന് നവാസ് ഷെരീഫ് സഹോദരനെ ഉപദേശിച്ചെന്നാണ് പാക്ക് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. നയതന്ത്ര മാർഗത്തിലൂടെ ഇന്ത്യയുമായുള്ള നല്ല ബന്ധം പുനഃസ്ഥാപിക്കണമെന്നും നവാസ് പറഞ്ഞു. നവാസ് ഷെരീഫ് മൂന്ന് തവണ പാകിസ്ഥാന്റെ പ്രധാനമന്ത്രിയായിരുന്നു.