ഇലോണ്‍ മസ്‌ക് ഇന്ത്യയില്‍ ടെസ്ല ഫാക്ടറി നിര്‍മ്മിക്കുന്നത് അമേരിക്കയോട് ചെയ്യുന്ന അനീതിയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ അഭിപ്രായ പ്രകടനം. ഇലോണ്‍ മസ്‌കിന് ഇന്ത്യയില്‍ ഒരു കാര്‍ വില്‍ക്കുന്നത് അസാധ്യമാണെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തീരുവ ഈടാക്കുന്നത് ഇന്ത്യയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഏകദേശം 100 ശതമാന തീരുവയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ട്രംപ് വിമര്‍ശിച്ചു. ഇന്ത്യയുടെ ഇറക്കുമതി തീരുവ മറികടക്കാനാണ് മസ്‌ക് ഇന്ത്യയില്‍ ഫാക്ടറി നിര്‍മ്മിക്കുന്നത്.
മസ്‌കും ട്രംപിന്റെ അഭിപ്രായത്തെ പിന്തുണച്ചു. ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നുവെന്നതിനെ കുറിച്ച് വളരെക്കാലമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണം അത് നീണ്ടുപോവുകയായിരുന്നു. 40,000 ഡോളറില്‍ കൂടുതല്‍ വിലയുള്ള ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 110% ല്‍ നിന്ന് 70% ആയി കുറച്ചതുള്‍പ്പെടെയുള്ള സമീപകാല സര്‍ക്കാര്‍ നയ മാറ്റങ്ങളാണ് ടെസ്ലയ്ക്ക് ഇന്ത്യന്‍ വിപണിയിലേക്കെത്താന്‍ അനുകൂല സാഹചര്യമൊരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശന വേളയില്‍ മസ്‌കുമായി പ്രത്യേക ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാര്‍ത്തകള്‍ പരന്നതും ജോലി പരസ്യങ്ങള്‍ പോസ്റ്റ് ചെയ്തും. മുംബൈയിലും ഡല്‍ഹിയിലുമായി 13 തസ്തികകളിലേക്കാണ് ടെസ്ല ഉദ്യോഗാര്‍ത്ഥികളെ തേടുന്നത്. സര്‍വീസ് ടെക്‌നീഷ്യന്‍മാര്‍, കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍മാര്‍, ഡെലിവറി ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റുകള്‍ തുടങ്ങിയ തസ്തികകളിലാണ് ഉദ്യോഗാര്‍ത്ഥികളെ ടെസ്ല അന്വേഷിക്കുന്നത്.