ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി ഡൊണാൾഡ് ട്രംപ്; ബാധിക്കുക 18,000 ഇന്ത്യക്കാരെ

ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനൊരുങ്ങി ഡൊണാൾഡ് ട്രംപ്. ജനുവരിയിൽ അധികാരമേറ്റാൽ ഉടൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് അമേരിക്ക സാക്ഷ്യംവഹിക്കുമെന്നാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ ഈ തീരുമാനം 18,000 ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ടൈം മാഗസിൻ്റെ ‘പേഴ്‌സൺ ഓഫ് ദ ഇയർ’ ആയി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നൽകിയ അഭിമുഖത്തിൽ നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കാൻ സൈന്യത്തെയും മറ്റ് ആഭ്യന്തരസുരക്ഷാ ഏജൻസികളെയും ഉപയോഗിക്കുമെന്ന് ട്രംപ് ആവർത്തിച്ചിരുന്നു. നിലവിൽ അനധികൃതമായി രാജ്യത്ത് കഴിയുന്ന ഏകദേശം 15 ലക്ഷം കുടിയേറ്റക്കാരുടെ അന്തിമപട്ടിക യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്മെൻ്റ് നവംബറിൽ പുറത്തുവിട്ടിരുന്നു. നാടുകടത്തലിന് മുന്നൊരുക്കമായാണ് അന്തിമപട്ടിക പുറത്തിറക്കിയിട്ടുള്ളത്. ഈ പട്ടികയിൽ 17,940 പേർ ഇന്ത്യക്കാരാണെന്നാണ് വിവരം.

പട്ടികയിൽ ഉൾപ്പെട്ടവരിൽ കൂടുതലും ഗുജറാത്ത്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. ഇവരെ ഇന്ത്യയിലേക്ക് തിരികെ അയച്ചേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അതേസമയമ് തങ്ങളുടെ പൗരരെന്ന് വിശ്വസിക്കപ്പെടുന്നവരെ സ്വീകരിക്കാൻ വിദേശസർക്കാരുകൾ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഐസിഇ അറിയിച്ചിട്ടുണ്ട്.

‘സഹകരിക്കാത്തവരുടെ’ വിഭാഗത്തിലാണ് ഇന്ത്യയെ ഐസിഇ ഉൾപെടുത്തിയിട്ടുള്ളത്. അധികൃതരുടെ ഏകോപനത്തിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. മടങ്ങിയെത്തുന്ന പൗരരെ സ്വീകരിക്കുന്നകാര്യത്തിൽ രാജ്യങ്ങൾ കാണിക്കുന്ന നിസ്സഹകരണം അടിസ്ഥാനമാക്കിയാണ് ഈ തരംതിരിവ്. നിലവിൽ ഇന്ത്യ, പാകിസ്താൻ, ഭൂട്ടാൻ, ചൈന, റഷ്യ, ഇറാൻ തുടങ്ങി 15 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.

നിലവിൽ പ്യൂ റിസർച്ച് സെന്ററിൻ്റെ കണക്കുപ്രകാരം ഇന്ത്യയിൽനിന്നുള്ള 7.25 ലക്ഷം നിയമവിരുദ്ധകുടിയേറ്റക്കാർ യു.എസിലുണ്ടെന്നാണ് കണക്ക്. മെക്സിക്കോയ്ക്കും എൽ സാൽവദോറിനും ശേഷം യു.എസിലെ നിയമവിരുദ്ധകുടിയേറ്റകാര്യത്തിൽ മൂന്നാംസ്ഥാനത്താണ് ഇന്ത്യ എന്നാണ് അവരുടെ കണക്ക്. കഴിഞ്ഞ മൂന്ന് സാമ്പത്തികവർഷത്തിനിടെ അതിർത്തിവഴി യു.എസിലേക്ക് കടക്കാൻ ശ്രമിച്ചതിന് 90,000 ഇന്ത്യക്കാർ അറസ്റ്റിലായിരുന്നു.

അതേസമയം മതിയായ രേഖകളില്ലാതെ രാജ്യത്തുകഴിയുന്ന നൂറോളം ഇന്ത്യക്കാരെ കഴിഞ്ഞ ഒക്ടോബറിൽ ചാർട്ടേഡ് വിമാനത്തിൽ യുഎസ് തിരിച്ചയച്ചിരുന്നു. ഇന്ത്യൻ സർക്കാരിന്റെ സഹകരണത്തോടെ 2023-24 സാമ്പത്തികവർഷം 1100-ഓളം പേരെ നാടുകടത്തിയെന്നാണ് യുഎസ് ആഭ്യന്തരസുരക്ഷാവകുപ്പ് പറയുന്നത്. അക്കാലയളവിൽ 145 രാജ്യങ്ങളിൽനിന്നുള്ള 1.6 ലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചെന്നും അതിനായി 495 അന്താരാഷ്ട്ര വിമാനസർവീസുകൾ നടത്തിയെന്നും പറയുന്നു.