'കശ്മീരിലേത് 1500 വർഷമായുള്ള സംഘർഷം, അവർ തന്നെ പരിഹരിക്കും'; ഇന്ത്യ- പാക് പ്രശ്നത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി ഡോണൾഡ് ട്രംപ്

ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. താൻ ഇന്ത്യയുമായും പാകിസ്ഥാനുമായും വളരെ അടുത്തയാളാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇന്ത്യ- പാക് അതിർത്തിയിൽ സംഘർങ്ങൾ നിലനിൽക്കുന്നുണ്ട്. കശ്മീരിൽ വർഷങ്ങളായി പ്രശ്നം നിലനിൽക്കുന്നു. ഇരു രാജ്യങ്ങളും ചേർന്ന് പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

”ഇന്ത്യയുമായും പാകിസ്ഥാനുമായും എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. കശ്മീരിൽ അവർ ആയിരത്തോളം വർഷങ്ങളായി പോരാട്ടത്തിലാണ്. ഒരുപക്ഷേ, അതിനെക്കാൾ കൂടുതൽ. കഴിഞ്ഞ ദിവസം നടന്ന ആക്രമണം വളരെ ദൗർഭാഗ്യകരമായി. 1500 വർഷങ്ങളായി ആ അതിർത്തിയിൽ സംഘർഷങ്ങൾ നിലനിൽക്കുന്നു. അത് അങ്ങനെ തന്നെയായിരുന്നു. പക്ഷേ, ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ അവർ തന്നെ അത് പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വലിയ സംഘർഷമുണ്ട്. പക്ഷേ, അവിടെ എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നു”- ട്രംപ് പറഞ്ഞു.

Read more

പെഹൽഗാം സംഭവം നടന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഡോണൾഡ് ട്രംപ് ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ഇന്ത്യയ്ക്ക് പൂർണ പിന്തുണയും ട്രംപ് പ്രഖ്യാപിച്ചിരുന്നു.