ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഇസ്രായേല്‍ ബന്ധമുള്ള കപ്പലിന് കേടുപാടുകള്‍

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ ചരക്ക് കപ്പലിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യയിലെ വരാവല്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ തെക്ക്-പടിഞ്ഞാറ് മാറിയാണ് ആക്രമണം നടന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ലൈബീരിയയുടെ പതാകയുള്ള ഇസ്രായേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, ആഗോള മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംേ്രബ എന്നിവരാണ് ഡ്രോണ്‍ ആക്രമണം സ്ഥിരീകരിച്ചത്.

Read more

ആക്രമണത്തെ തുടര്‍ന്ന് കപ്പലിന് തീ പിടിച്ചു. ചെങ്കടലിലെ വാണിജ്യ കപ്പല്‍ ഗതാഗതം ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതര്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗാസയില്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നുണ്ട്.