ഡ്രൈവിംഗ് അറിഞ്ഞാൽ മാത്രം പോര വാഹന സംബന്ധമായ നടപടിക്രമങ്ങൾ കൂടി കൃത്യമായി നടന്നാലെ നിയമാനുസൃതമായി വാഹനം ഓടിക്കാൻ കഴിയൂ.പ്രത്യേകിച്ചും വിദേശരാജ്യങ്ങളിൽ മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കുന്ന സാഹചര്യത്തിൽ. ഇപ്പോഴിതാ കുവൈത്തിലുള്ളവർക്ക് വാഹന സംബന്ധമായ സേവനങ്ങൾ കുടുതൽ എളുപ്പമാകുകയാണ്.
പൗരന്മാർക്കും വിദേശി താമസക്കാർക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകും. ഗതാഗത സേവനങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി. ഡ്രൈവിംഗ് ലൈസന്‍സും, വാഹന രേഖകൾ പുതുക്കലും, ഉടമസ്ഥാവകാശ കൈമാറ്റവും ഇനി മുതല്‍ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹൽ ആപ്പ് വഴി ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി ഒന്നു മുതൽ വാഹന കൈമാറ്റ സേവനവും സഹല്‍ ആപ്പ് വഴി ലഭ്യമാകും. ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച ഈ പുതിയ സേവനങ്ങൾ സഹൽ ഉപയോക്താക്കൾക്ക് പ്രയത്‌നവും സമയവും ലാഭിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസാണ് സർക്കാർ സേവനങ്ങൾക്കായുള്ള സഹൽ ഏകജാലക അപ്ലിക്കേഷനിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തിയത്. വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് സേവനം ലഭ്യമാക്കുന്നത്.
രാജ്യത്ത് ഇ ഗവേൺസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ സഹൽ അപ്ലിക്കേഷനിൽ ഇതിനോടകം വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും നിരവധി സേവനങ്ങൾ ചേർത്തിട്ടുണ്ട്. അതു കൊണ്ടു തന്നെ ഗതാഗതം മാത്രമല്ല വിവിധ മേഖലകളിൽ നിന്നുള്ള സേവനങ്ങൾ ഇനി മുതൽ സ്വദേശികൾക്കും. പ്രവാസികൾക്കും എളുപ്പത്തിൽ ലഭ്യമാകും.