ഓട്ടിസം കണ്ടെത്താൻ വിസർജ്യ പരിശോധനയോ? രോഗനിർണയം എളുപ്പമാക്കാൻ പുതിയ പഠനം

സമീപ കാലങ്ങളിൽ ഓട്ടിസം ബാധിതരായ കുട്ടികളുടെ എണ്ണം നമുക്കിടയിൽ വർധിച്ചുകൊണ്ടിരിക്കുക ആണ്. അതിനാൽ തന്നെ ഓട്ടിസം അവസ്ഥയെക്കുറിച്ചുള്ള ചർച്ചകളും നമുക്കിടയിൽ ഉറപ്പാക്കേണ്ടതുണ്ട്. കുട്ടികളില്‍ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (എഎസ്‌ഡി)സ്ഥിരീകരിക്കുകയെന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. ഓട്ടിസം ഉണ്ടെന്ന് സംശയിക്കുന്ന കുട്ടികളിൽ രോഗനിർണയം നടത്താൻ ചിലപ്പോൾ മൂന്ന്, നാല് വർഷങ്ങൾ തന്നെ വേണ്ടിവരാറുണ്ട്.

രോഗലക്ഷണങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു പിന്നിലെ കാരണം. നിരന്തരമായി കുട്ടിയെ നിരീക്ഷിച്ച് അവരുടെ സ്വഭവത്തിലും ദൈനംദിന ജീവിതത്തില്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിലൂടെയുമാണ് ഓട്ടിസം സ്ഥിരീകരിക്കാറുള്ളത്. രോഗാവസ്ഥ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധനകളൊ മറ്റോ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. മാതാപിതാക്കളുമായുള്ള ചർച്ചകള്‍, ചൈല്‍ഡ് ഓട്ടിസം റേറ്റിങ് സ്കേല്‍ പോലുള്ള നിരീക്ഷണങ്ങളുമൊക്കെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ കുടലിലെ ബാക്ടീരിയകളുടെ സാന്നിധ്യം പരിശോധിച്ച് ഓട്ടിസം നേരത്തെ സ്ഥിരീകരിക്കാനാകുമെന്നാണ് പുതിയ കണ്ടെത്തല്‍.

ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയുള്‍പ്പെടെയുള്ള സൂക്ഷ്മാണുക്കളായ കുടലിലെ മൈക്രോബയോട്ട അല്ലെങ്കില്‍ മൈക്രൊബയോമിനെ കേന്ദ്രീകരിച്ചാണ് പുതിയ പഠനം. ഓട്ടിസം ബാധിച്ചതും അല്ലാത്തതുമായ ഒന്നു മുതല്‍ 13 വരെ പ്രായമുള്ള കുട്ടികളില്‍ നിന്ന് ശേഖരിച്ച 1,600 വിസര്‍ജ്യ സാമ്പിളുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. മൈക്രൊബയോമില്‍ ഓട്ടിസവുമായി ബന്ധപ്പെട്ട 31 മാറ്റങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ തന്നെ ബ്രെയിൻ സ്കാൻ, ജിനോം സീക്വൻസിങ്ങ് എന്നിവയ്ക്കുപകരം രോഗാവസ്ഥ കണ്ടെത്തുന്നതിനായി കുടൽ പരിശോധന ഉപയോഗിക്കാമെന്ന് വിദഗ്ധർ പറയുന്നു. കുടലിലെ മൈക്രൊബയോം അമിതവണ്ണം, പ്രമേഹം, പാർക്കിൻസണ്‍സ് പോലുള്ള നാഡീസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഓട്ടിസത്തിന്റെ കണ്ടെത്തിലിനും ഇത് ഉപയോഗിക്കാവുന്നതാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

യുകെയിലും മറ്റു പല പാശ്ചാത്യ രാജ്യങ്ങളിലും 100 പേരിൽ ഒരാൾ ഓട്ടിസം സാധ്യതയിലാണെന്നു പഠനങ്ങൾ പറയുന്നു. 16 മുതല്‍ 30 മാസം വരെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കു ചോദ്യാവലി നല്‍കിയുള്ള സ്ക്രീനിങ് രീതിയാണ് ഓട്ടിസം കണ്ടെത്താൻ നിലവില്‍ ഉപയോഗിക്കുന്ന ഒരു രീതി. മറ്റൊന്ന്, ഓട്ടിസം ഡയഗ്നോസ്റ്റിക്ക് ഇന്റർവ്യൂ (എഡിഐ-ആർ) ആണ്. മാതാപിതാക്കളുമായുള്ള സെഷനുകളും കുട്ടികളുടെ പ്രവർത്തനരീതികളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യതസ്തമായിരിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയും ബുദ്ധിവികാസവും ശരിയായ രീതിയില്‍ നടക്കുന്നുവെന്ന് എല്ലാ മാതാപിതാക്കളും നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. കാരണം, കൃത്യമായി കുഞ്ഞുങ്ങളെ നിരീക്ഷിക്കാത്തതുകൊണ്ട് മാത്രം ഓട്ടിസമുള്ള കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ ശരിയായ ചികിത്സ ലഭിക്കാതെ പോകും. കുട്ടിയില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ കണ്ടുപിടിക്കുകയും തുടര്‍ച്ചയായി ഇവരുടെ കാര്യത്തില്‍ ശരിയായ രീതിയില്‍ ഇടപെടുകയുമാണെങ്കില്‍ ഇത്തരം കുട്ടികള്‍ക്ക് മെച്ചപ്പെട്ട പുരോഗതി ഉണ്ടാകാന്‍ കാരണമാകും.

ഇനി പൊതുവായി കണ്ടുവരുന്ന ഓട്ടിസത്തിന്റെ ചില ലക്ഷങ്ങൾ നോക്കിയാൽ, ഈ അവസ്ഥയിലുള്ള കുട്ടികള്‍ മറ്റുള്ളവരുടെ കണ്ണില്‍ നോക്കുകയോ ഇടപഴകുകയോ ചെയ്യില്ല. ഒന്നിനോടും താല്‍പ്പര്യം കാണിക്കില്ല. അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പംകാണിക്കുകയോ, പരിചയത്തോടെ ചിരിക്കുകയോ ഇല്ല. ഓട്ടിസം കുട്ടികളില്‍ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരില്‍ കാണാറുണ്ട്. സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം.

ചില ഓട്ടിസം കുഞ്ഞുങ്ങള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അവരെ ശ്രദ്ധിക്കുകയില്ല. എന്നാല്‍ ഒരു കൂട്ടം ഓട്ടിസം കുട്ടികള്‍ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. സാധാരണ കുട്ടികളെ പോലെ മാതാപിതാക്കളെ പിരിഞ്ഞിരുന്നാല്‍ പേടിയോ, ഉത്കണ്ഠയോ ഇത്തരക്കാര്‍ കാണിക്കുകയില്ല. ഇവര്‍ ഒറ്റയ്ക്ക് ഇരിക്കാന്‍ താല്‍പ്പര്യപ്പെടുന്നു. സദാസമയവും സ്വന്തമായ ലോകത്ത് ജീവിക്കുന്നവരാകും അധികം പേരും. ഒരു പ്രകോപനവും കൂടാതെ മറ്റുള്ളവരെ ഉപദ്രവിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന കുട്ടികളുമുണ്ട്. ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക എന്നീ സ്വഭാവവും ഓട്ടിസം കുട്ടികളില്‍ കാണാം. ദൈനംദിന കാര്യങ്ങള്‍ ഒരുപോലെ ചെയ്യുവാനാണ് ഇവര്‍ക്കിഷ്ടം. നിരന്തരമായി കൈകള്‍ ചലിപ്പിക്കുക, ചാഞ്ചാടുക തുടങ്ങിയ പ്രവര്‍ത്തികളും ഇവരില്‍ കണ്ടുവരുന്നുണ്ട്.