ചൊവ്വ ദൗത്യം അടുത്ത വര്‍ഷം; വിജയകരമായാല്‍ 2029-ല്‍ മനുഷ്യനെ ചൊവ്വയിലിറക്കുമെന്ന് ഇലോണ്‍ മസ്‌ക്

ചൊവ്വ ദൗത്യം 2026 അവസാനത്തോടെ നടക്കുമെന്ന് അറിയിച്ച് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. 2026ലെ ദൗത്യം വിജയകരമായാല്‍ 2029-ല്‍ മനുഷ്യരെ ചൊവ്വയില്‍ ഇറക്കാന്‍ സാധിക്കുമെന്നും ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു മസ്‌ക് ചൊവ്വ ദൗത്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.

ചൊവ്വ ദൗത്യത്തില്‍ ടെസ്ലയുടെ ഒപ്റ്റിമസ് റോബോട്ടും സ്റ്റാര്‍ ഷിപ്പ് എന്ന ബഹിരാകാശ വാഹനത്തില്‍ ഉണ്ടാകുമെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. അടുത്ത വര്‍ഷം അവസാനം ഒപ്റ്റിമസിനേയും വഹിച്ചുകൊണ്ട് സ്റ്റാര്‍ഷിപ്പ് ചൊവ്വയിലേക്ക് പുറപ്പെടും. ഈ ലാന്‍ഡിങ് വിജയകരമായാല്‍ 2029-ല്‍ തന്നെ മനുഷ്യ ലാന്‍ഡിങ് ആരംഭിച്ചേക്കാം എന്നാണ് മസ്‌കിന്റെ കുറിപ്പ്.

Read more

മനുഷ്യ ലാന്‍ഡിങിന് 2031-ല്‍ ആണ് കൂടുതല്‍ സാധ്യതയെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു. 2002 മാര്‍ച്ച് 14-ന് സ്ഥാപിതമായ സ്‌പേസ് എക്‌സിന്റെ 23-ാം വാര്‍ഷികത്തിലാണ് മസ്‌കിന്റെ പ്രഖ്യാപനം. ഏറ്റവും വലിയ ബഹിരാകാശ വാഹനമാണ് സ്‌പേസ് എക്‌സ് വികസിപ്പിച്ച സ്റ്റാര്‍ഷിപ്പ്. പര്യവേക്ഷണ ദൗത്യങ്ങള്‍ക്കായി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരും അവര്‍ക്കാവശ്യമായ സാധനസാമഗ്രികളും അടക്കം വലിയ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ ബഹിരാകാശ റോക്കറ്റ്.