അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് പരസ്യ പിന്തുണയുമായി ലോകത്തിലെ നമ്പര്‍ വണ്‍ സമ്പന്നനും സ്‌പേസ് എക്‌സ് സ്ഥാപകനുമായ ഇലോണ്‍ മസ്‌ക്. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ മാസവും 45 മില്യന്‍ യുഎസ് ഡോളര്‍ നല്‍കാനാണ് മസ്‌ക് തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ, പെനിസില്‍വാനിയയിലുണ്ടായ വെടിവയ്പ്പില്‍ നിന്ന് ഡോണള്‍ഡ് ട്രംപ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചിരുന്നു. നേരത്തെ, കോടീശ്വരനായ നെല്‍സണ്‍ പെല്‍റ്റ്സിന്റെ ഫ്‌ലോറിഡയിലെ വസതിയില്‍ വച്ച് നടന്ന ചടങ്ങിനിടെ ഇരുവരും അടുത്തിടെ കണ്ടുമുട്ടിയിരുന്നു.
അമേരിക്കന്‍ പിഎസി എന്ന രാഷ്ട്രീയ സംഘത്തിനായിരിക്കും ഇലോണ്‍ മസ്‌ക് പ്രതിമാസം 45 മില്യന്‍ യുഎസ് ഡോളര്‍ സംഭാവനയായി നല്‍കുകയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കനത്ത പോരാട്ടം നടക്കുന്ന സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ട്രംപ് അനുകൂല സംഘടനയാണ് അമേരിക്കന്‍ പിഎസി.
താമസക്കാര്‍ക്കിടയിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍, മെയില്‍ ബാലറ്റ് തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംഘടനയുടെ ദൗത്യം.
ഇന്നലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അമേരിക്കന്‍ പിഎസിയ്ക്ക് ഇലോണ്‍ മസ്‌ക് സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.