ഉക്രൈനെ പൂര്‍ണമായും പിടിച്ചടക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ വാക്കുകള്‍ ഭയപ്പെടുത്തുന്നുവെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. യുദ്ധത്തിന്റെ ഏറ്റവും മോശമായ ഭാഗം ഇനിയും വരാനിക്കുന്നതേ ഉള്ളൂവെന്ന തോന്നല്‍ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുടിനുമായി 90 മിനിറ്റുകള്‍ നീണ്ട ഫോണ്‍ സംഭാഷണത്തിന് ശേഷമായിരുന്നു മാക്രോണിന്റെ പ്രസ്താവന.
ഉക്രൈനെ പൂര്‍ണമായി പിടിച്ചടക്കുമെന്ന നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും മാക്രോണ്‍ പ്രസ്താവിച്ചു. നാസിവല്‍ക്കരണത്തിന് നിന്ന് മോചിപ്പിക്കുമെന്ന വാക്കുകളാണ് പുടിന്‍ ഉപയോഗിച്ചതെന്നും മാക്രോണ്‍ പറഞ്ഞു. സാധാരണക്കാര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് പുടിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍ ജനവാസമേഖലകളെ റഷ്യന്‍ സൈന്യം വ്യാപകമായി ആക്രമിക്കുന്നു എന്ന ആരോപണം പുടിന്‍ നിഷേധിച്ചെന്നും മാക്രോണ്‍ വ്യക്തമാക്കി.
എന്ത് വിലകൊടുത്തും ലക്ഷ്യങ്ങള്‍ നേടുമെന്നാണ് പുടിന്‍ അവകാശപ്പെട്ടത്. യുക്രൈനെതിരെ റഷ്യയുടെ അധിനിവേശം രൂക്ഷമായി തുടരുകയാണ്. ഇതിനിടെയാണ് അധിനിവേശത്തില്‍ നിന്ന് പിന്മാറാനോ സൈന്യത്തെ പിന്‍വലിക്കാനോ തയ്യാറല്ലെന്ന സന്ദേശം പുടിന്‍ നല്‍കുന്നത്.
യുക്രൈന്റെ പ്രധാന തെക്കന്‍ തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ നിയന്ത്രണത്തിലായതോടെ പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയതായി പ്രദേശവാസികള്‍ പറയുന്നു. റഷ്യന്‍ സൈനികരെ പ്രകോപിപ്പിക്കരുത്, കൂട്ടമായിരിക്കാന്‍ കഴിയില്ല, വാഹനം വേഗത്തില്‍ ഓടിക്കാന്‍ പാടില്ല എന്നിവയാണ് പുതിയ നിയമങ്ങള്‍.