ഫ്രാന്‍സിനെ നയിക്കാന്‍ വീണ്ടും ഇമ്മാനുവേല്‍ മാക്രോണ്‍

ഫ്രാന്‍സില്‍ വീണ്ടും ഇമ്മാനുവല്‍ മാക്രോണിന് ഭരണത്തുടര്‍ച്ച. എതിരാളിയായ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മാരിന്‍ ലെ പെന്നിനെ മാക്രോണ്‍ പരാജയപ്പെടുത്തിയാണ് പ്രസിഡന്റ് പദവിയിലെത്തുന്നത് . കണക്കുകള്‍ പ്രകാരം ഇമ്മാനുവല്‍ മാക്രോണ്‍ 58.2% വോട്ട് നേടി.

മാക്രോണിനോട് മാരിന്‍ ലെ പെന്‍ പരാജയം സമ്മതിച്ച് രംഗത്ത് വന്നു കഴിഞ്ഞു. എന്നാല്‍ തന്റെ പ്രകടനം 2017-നെക്കാള്‍ മെച്ചപ്പെട്ടെന്നും  ജൂണില്‍ നടക്കുന്ന നിയമനിര്‍മ്മാണ സഭ തിരഞ്ഞെടുപ്പില്‍ പോരാടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.

ഇതോടെ 20 വര്‍ഷത്തിനുശേഷം ഫ്രാന്‍സില്‍ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റെന്ന നേട്ടം മാക്രോണ്‍ സ്വന്തമാക്കി.  എന്‍ മാര്‍ച്ചെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും മധ്യമാര്‍ഗിയുമാണ് മാക്രോണ്‍. നാഷണല്‍ റാലി എന്ന തീവ്രവലതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിരുന്നു മാരിന്‍.

ഫ്രാന്‍സിന് വേണ്ടി അഞ്ചു വര്‍ഷം കൂടി അധികാരത്തില്‍ തുടരാന്‍ അനുവദിച്ചതിന് വോട്ടര്‍മാരോട് മാക്രോണ്‍ നന്ദി അറിയിച്ചു. വിജയ പ്രഖ്യാപനത്തിന് ശേഷം ഭാര്യ ബ്രിജിത്തിനൊപ്പം കൈകോര്‍ത്ത് ഈഫല്‍ ടവറിന് താഴെ തന്റെ അനുയായികള്‍ ഒത്തുകൂടിയ പ്ലാസയില്‍ അദ്ദേഹം എത്തിയിരുന്നു.

തന്റെ ആശയങ്ങള്‍ സ്വീകരിച്ചതുകൊണ്ടല്ല, മറിച്ച് ലെ പെന്നിനെ നിരസിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടാണ് തനിക്ക് വിജയം നേടാനായതെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഇനി ഏതെങ്കിലും ഒരു ക്യാമ്പിന്റെ സ്ഥാനാര്‍ഥിയല്ല. മറിച്ച് എല്ലാവരുടേയും പ്രസിഡന്റാണ്’ അദ്ദേഹം വ്യക്തമാക്കി.