യൂറോപ്പില്‍ കോവിഡ് വ്യാപനം അവസാനിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന. മാര്‍ച്ചോടെ അറുപതു ശതമാനം യൂറോപ്യന്മാരെയും ഒമിക്രോണ്‍ ബാധിക്കുമെന്നും നിലവില്‍ ഒമിക്രോണ്‍ നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം കഴിഞ്ഞാല്‍ കുറെ ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും തികച്ചും ശാന്തമായ ഒരു കാലം പ്രതീക്ഷിക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലുഗെ പറഞ്ഞു.
യൂറോപ്പില്‍ മഹാമാരി അവസാന കളിയിലേക്കു നീങ്ങുന്നുവെന്നതിനെ സാധൂകരിക്കുന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഒന്നുകില്‍ വാക്‌സിന്‍ അല്ലെങ്കില്‍ രോഗബാധമൂലമുള്ള പ്രതിരോധ ശേഷി വലിയൊരു വിഭാഗം കൈവരിക്കുന്നതോടെ കോവിഡിന്റെ തിരിച്ചിറക്കം തുടങ്ങും. ഇനി ഈ വര്‍ഷം അവസാനമാണ് കോവിഡ് തിരിച്ചുവരാന്‍ സാധ്യതയുള്ളത്. ഒരു പക്ഷേ, അതു തിരിച്ചു വരണമെന്നുമില്ല എന്നദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ആഫ്രിക്കയുടെ ചുമതലയുള്ള ലോകാരോഗ്യ സംഘടനയുടെ ഓഫീസും ഒമിക്രോണ്‍ തരംഗത്തിനു പിന്നാലെ കോവിഡ് കേസുകള്‍ കുറയുകയാണെന്ന സൂചന പുറത്തുവിട്ടിരുന്നു. മരണനിരക്കും കാര്യമായി കുറയുകയാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇതെല്ലാം വിലയിരുത്തുമ്പോള്‍ കോവിഡ് ഒരു മഹാമാരി എന്നതില്‍നിന്ന് പ്രത്യേക സീസണില്‍ എത്തുന്ന ഫ്‌ലൂ രോഗം പോലെ കൈകാര്യം ചെയ്യാവുന്ന അവസ്ഥയിലേക്കു നീങ്ങുകയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഇത്തരം പ്രതീക്ഷകള്‍ക്ക് അമിത ഊന്നല്‍ കൊടുക്കുന്നതും അപകടകരമാണെന്നും ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് തലവന്‍ ക്ലൂഗ് മുന്നറിയിപ്പ് നല്‍കി.