മെറ്റ ഉപയോക്താക്കളുടെ ജീവനേക്കാൾ ലാഭത്തിനാണ് മുൻഗണന നൽകുന്നതെന്ന് മുൻ ജീവനക്കാരി. ഹാനികരമായ ഉള്ളടക്കങ്ങൾ തടയാൻ ഇൻസ്റ്റാഗ്രാം ശ്രമിക്കുന്നില്ലെന്നാണ് മെറ്റയിൽ മനഃശാസ്ത്രജ്ഞയായി പ്രവർത്തിച്ച ലോട്ടെ റുബെക്ക് ആരോപിക്കുന്നത്. ഇക്കാരണത്താൽ മെറ്റയിലെ തന്റെ ഉപദേശക സ്ഥാനമൊഴിഞ്ഞിരിക്കുകയാണ് ലോട്ടെ റുബെക്ക് (Lotte Rubæk).
മൂന്ന് വർഷത്തിലേറെയായി മെറ്റയുടെ വിദഗ്‌ധ ഗ്രൂപ്പിൽ അംഗമായിരുന്നു ലോട്ടെ റുബെക്ക്. ഹാനികരമായ ഉള്ളടക്കങ്ങൾ തടയുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്ന വിദഗ്ധോപദേശം ഇൻസ്റ്റാഗ്രാം തുടർച്ചയായി അവഗണിച്ചു. അപകടകരമായ ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യുന്നതിൽ മെറ്റ പരാജയപ്പെട്ടുവെന്നും ലോട്ടെ റുബെക്ക് പറയുന്നു. മെറ്റയുടെ ഇത്തരം ഉള്ളടക്കങ്ങൾ മാനസികമായി ദുർബലരായ വ്യക്തികളെ ചൂഷണം ചെയ്യുന്നതാണെന്നും ലോട്ടെ പറയുന്നു.
മെറ്റയുടെ ഈ അനാസ്ഥ വർധിച്ചു വരുന്ന ആത്മഹത്യകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ലോട്ടെ വ്യക്തമാക്കി. മെറ്റ തങ്ങളുടെ ഉപയോക്താക്കളുടെ ക്ഷേമത്തിലും സുരക്ഷയിലും ശ്രദ്ധിക്കുന്നില്ല. വാസ്തവത്തിൽ, കമ്പനി അമിത ലാഭം ലക്ഷ്യം വച്ചുകൊണ്ട് ദുർബലരായ യുവാക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കുന്നതിനായി ഹാനികരമായ ഉള്ളടക്കങ്ങൾ സ്വീകരിക്കുന്നുവെന്നാണ് ലോട്ടെയുടെ ആരോപണം.
‘എനിക്ക് ഇനിയും മെറ്റയുടെ വിദഗ്‌ധ പാനലിൻ്റെ ഭാഗമാകാൻ കഴിയില്ല, കാരണം കുട്ടികളുടെയും യുവാക്കളുടെയും സുരക്ഷക്കായി ഞങ്ങൾ നൽകുന്ന നിർദേശങ്ങൾ നിങ്ങൾ കൈക്കൊള്ളുന്നില്ല, ഇനിയും നിങ്ങൾ അത് സ്വീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല’- എന്നാണ് തന്റെ രാജികത്തിൽ ലോട്ടെ എഴുതിയത്.
‘പുറമെ നിന്ന് നോക്കിയാൽ എല്ലാം ഭംഗിയായി നടക്കുന്നുവെന്ന തരത്തിൽ ആണെങ്കിലും, എന്നാൽ പിന്നിൽ അവർ മുൻഗണന നൽകുന്ന മറ്റൊരു അജണ്ടയുണ്ട്. തങ്ങളുടെ ഉപയോക്താക്കളെ എങ്ങനെ നിലനിർത്താം അത് വഴി ലാഭമുണ്ടാക്കാം എന്നത് മാത്രമാണ് മെറ്റയുടെ ലക്ഷ്യം. കൂടാതെ ഉപയോക്തക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് അവ വിൽക്കുക തുടങ്ങിയ പ്രവർത്തികളും മെറ്റ നടത്തുന്നുണ്ട്’- എന്ന് ഒബ്സെർവറിനു നൽകിയ അഭിമുഖത്തിൽ ലോട്ടെ വെളിപ്പെടുത്തിയിരുന്നു.
ഡെൻമാർക്കിലെ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ വിഭാഗ ടീമിനെ നയിച്ചിരുന്ന മുഖ്യ വ്യക്തികളിൽ ഒരാളായിരുന്ന ലോട്ടെ 2020 ഡിസംബറിലാണ് മെറ്റയിലെ മനഃശാസ്ത്രജ്ഞരുടെ വിദഗ്ധരുടെ ഗ്രൂപ്പിൽ അംഗമാകുന്നത്. യുവാക്കൾക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇടങ്ങളായി സാമൂഹ്യമാധ്യമങ്ങൾ മാറ്റാൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ലോട്ടെ മെറ്റയുടെ ഭാഗമാകാൻ സമ്മതം അറിയിച്ചത്. എന്നാൽ വർഷങ്ങളായുള്ള തന്റെ ശ്രമങ്ങൾ വിഫലമായെന്നും, സാമൂഹ്യ മാധ്യമങ്ങൾ അപകടകരമായ വിധത്തിൽ തന്നെയാണുള്ളതെന്നും ലോട്ടെ കണ്ടെത്തുകയായിരുന്നു.
Read more
മെറ്റയുടെ വിമർശകയായിരുന്ന തന്നെ നിശ്ശബ്ദയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അവരുടെ അംഗമാക്കിയത് എന്ന വിശ്വാസത്തിലാണ് ലോട്ടെ. ഒരു പക്ഷേ താൻ അവരുടെ ഭാഗമായി കഴിഞ്ഞാൽ ഭാവിയിൽ താൻ നിശബ്ദയായിരിക്കുമെന്ന് അവർ വിശ്വസിച്ചിരിന്നിരിക്കാം, എന്നും ലോട്ടെ പറയുന്നു. എഐ സാങ്കേതിക വിദ്യ വളരെ പുരോഗമിച്ച ഇക്കാലത്ത് എന്തുകൊണ്ട് ഹാനികരമായ ചിത്രങ്ങൾ തങ്ങളുടെ സാമൂഹ്യ മാധ്യമ പ്ലാറ്റുഫോമുകളിൽ നിന്ന് നീക്കം ചെയ്യുന്നതിൽ മെറ്റ പരാജപ്പെടുന്നുവെന്നും ലോട്ടെ ചോദിക്കുന്നുണ്ട്.