ടെലഗ്രാമിന്‍റെ സഹസ്ഥാപകനും സിഇഒയുമായ പവേല്‍ ദുരോവ് അറസ്റ്റില്‍. ടെലഗ്രാമിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ പവേല്‍ ദുരോവ് പരാജയപ്പെട്ടു എന്ന കുറ്റത്തിനാണ് അറസ്റ്റ്. പാരിസിലെ വിമാനത്താവളത്തില്‍ വച്ചാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്‌തത്.
അതേസമയം പവേലിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ടെലഗ്രാമിന്‍റെ സഹസ്ഥാപകനും സിഇഒയുമാണ് മുപ്പത്തിയൊമ്പതുകാരനായ പവേല്‍ ദുരോവ്. പ്രാദേശിക സമയം ശനിയാഴ്‌ച വൈകിട്ട് പാരിസിന്‍റെ പ്രാന്തപ്രദേശത്തുള്ള ലെ ബൂർഗെറ്റ് വിമാനത്താവളത്തില്‍ വച്ചാണ് പവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തത്.
അസര്‍ബൈജാനില്‍ നിന്ന് തന്‍റെ സ്വകാര്യ ജെറ്റില്‍ എത്തിയതായിരുന്നു പവേല്‍ ദുരോവ്. റഷ്യന്‍ വംശജനായ പവേല്‍ ദുരോവ് ദുബായിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ടെലഗ്രാം ആസ്ഥാനവും ദുബായ് ആണ്. ഫ്രഞ്ച് പൗരത്വത്തിന് പുറമെ യുഎഇ പൗരത്വവും ദുരോവിനുണ്ട്. 15.5 ബില്യണ്‍ ഡോളറിന്‍റെ ആസ്തി ദുരോവിനുണ്ട് എന്നാണ് ഫോബ്‌സ് കണക്കാക്കുന്നത്. ദുരോവും സഹോദരന്‍ നിക്കോലായും ചേര്‍ന്ന് 2013ലാണ് ടെലഗ്രാം സ്ഥാപിച്ചത്. 900 മില്യണ്‍ ആക്‌റ്റീവ് യൂസര്‍മാര്‍ ടെലഗ്രാമിന് ഇപ്പോഴുണ്ട്.