കാട്ടുപന്നിയെ തിന്ന് ആശുപത്രിയിലായ മലയാളികുടുംബത്തിന്‍റെ അവസ്ഥയിപ്പോള്‍ ഇതാണ്

ന്യൂസിലാന്‍ഡില്‍  കാട്ടുപന്നി മാംസം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന മലയാളി കുടുംബത്തിന് നഷ്ടപരിഹാര തുക ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഷിബു കൊച്ചുമ്മന്‍, ഭാര്യ സുബി ബാബു, ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേല്‍ എന്നിവരാണ് വേട്ടയാടിപ്പിടിച്ച കാട്ടുപന്നിയുടെ മാംസം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായത്. ഒരാളുടെ മാത്രം ചികിത്സാച്ചെലവ് രണ്ടുലക്ഷം ഡോളറാണ്.

രണ്ടു മാസത്തോളമായി മൂന്ന് പേരും ആശുപത്രിയിലായിരുന്നു. ഷിബു വേട്ടയാടി പിടിച്ചുകൊണ്ടു വന്ന പന്നി മാംസം കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഷിബുവും ഭാര്യയും ന്യൂസിലാന്‍ഡിലെ സ്ഥിരതാമസക്കാരായതുകൊണ്ട് അവര്‍ക്ക് ആരോഗ്യ പരിരക്ഷ അനുവദിച്ചിരുന്നു. എന്നാല്‍ അമ്മ വിസിറ്റിങ് വിസയിലെത്തിയതുകൊണ്ട് അവര്‍ക്ക് മാത്രം ആരോഗ്യ സുരക്ഷ പരിഗണന ഇല്ലായിരുന്നു. അമ്മയുടെ മാത്രം ചികിത്സാച്ചിലവ് രണ്ടു ലക്ഷം ഡോളറിനടുത്തായി. കുടുംബസുഹൃത്തുക്കളാണ് ഇവര്‍ക്ക് ആരോഗ്യ സുരക്ഷ പരിരക്ഷ ലഭിക്കാന്‍ അഭിഭാഷകര്‍ മുഖേനെ ആരോഗ്യ വകുപ്പിനെ സമീപിച്ചത്.

നാഡിവ്യൂഹത്തെ ബാധിച്ച സ്ഥിരീകരിച്ചു പറയാനാവാത്ത ഏതോ വിഷബാധയാണെന്നും വ്യക്തമാക്കി കൊണ്ടുള്ള കത്ത് ഇവരെ ചികിത്സിച്ച ഡോക്ടര്‍ ലിസ് ഫിലിപ്സ് വൈക്കാത്തോ ഡിസ്ട്രിക് ഹെല്‍ത്ത് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഡെറിക് റൈറ്റിന് നല്‍കി. ഇതോടെയാണ് കാര്യങ്ങള്‍ ഷിബുവിനും കുടുംബത്തിനും അനുകൂലമായത്.