ഇന്ത്യയുടെ പുതിയ കാർഷിക നിയമങ്ങൾക്ക് കാർഷിക മേഖലയിലെ പരിഷ്കാരങ്ങൾക്കായുള്ള സുപ്രധാന ചുവടുവെയ്പ്പിനെ പ്രതിനിധീകരിക്കാൻ കഴിവുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) അറിയിച്ചു. എന്നിരുന്നാലും, പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം മൂലം ഏറ്റവും കൂടുതൽ ബാധിക്കാവുന്ന ആളുകളെ വേണ്ടത്ര സംരക്ഷിക്കണമെന്ന് അന്താരാഷ്ട്ര സംഘടന അറിയിച്ചു.
കർഷകരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര മന്ത്രിമാരും കർഷക പ്രതിനിധികളും ഒമ്പതാം തവണയും ഒത്തുചേരുന്ന ദിവസമാണ് കാർഷിക നിയമങ്ങളെക്കുറിച്ച് ഐഎംഎഫ് അഭിപ്രായം പറയുന്നത്. നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
“കാർഷിക പരിഷ്കാരങ്ങൾക്കായുള്ള സുപ്രധാനമായ ചുവടുവെയ്പ്പിനെ പ്രതിനിധീകരിക്കാൻ കാർഷിക നിയമങ്ങൾക്ക് കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” ഐഎംഎഫ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജെറി റൈസ് വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“കർഷകർക്ക് വിൽപ്പനക്കാരുമായി നേരിട്ട് കരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക് കുറച്ചുകൊണ്ട് മിച്ചത്തിന്റെ വലിയൊരു പങ്ക് നിലനിർത്താനും കാര്യക്ഷമത വർദ്ധിപ്പിക്കാനും ഗ്രാമീണ വളർച്ചയെ സഹായിക്കാനും ഈ നടപടികൾ സഹായിക്കും,” ജെറി റൈസ് പറഞ്ഞു.
“എന്നിരുന്നാലും, ഈ പുതിയ നിയമങ്ങളിലേക്കുള്ള പരിവർത്തനം പ്രതികൂലമായി ബാധിക്കാനിടയുള്ളവരെ സാമൂഹിക സുരക്ഷാ സംവിധാനം വേണ്ടത്ര സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരിഷ്കാരങ്ങളാൽ ബാധിക്കപ്പെടുന്നവരെ തൊഴിൽ വിപണി ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പു വരുത്തിക്കൊണ്ട് ഇത് പരിഹരിക്കാം,” ഐഎംഎഫ് വക്താവ് പറഞ്ഞു. .