ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ട് ആത്മഹത്യ ചെയ്തു

ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോയുടെ മകന്‍ ഡയസ് ബല്ലാര്‍ട്ടിനെ (68) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദീര്‍ഘനാളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു ഡയസ് ബല്ലാര്‍ട്ട്.

ഫിദല്‍ കാസ്‌ട്രോയുമായി രൂപസാദൃശ്യമുള്ളതിനാല്‍ 68 കാരനായ ഡയസ് ബല്ലാര്‍ട്ട്‌ , ഫിഡലിറ്റോ എന്നാണ്  അറിയപ്പെട്ടിരുന്നത്. 1949 ല്‍ ശീതസമരക്കാലത്താണ് ഡയസ് ബല്ലാര്‍ട്ട് ജനിച്ചത്.

സോവിയറ്റ് യൂണിയനില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഡയസ് ബല്ലാര്‍ട്ട് ക്യൂബയിലെ പ്രശസ്ത ന്യൂക്ലിയര്‍ ശാസ്ത്രഞ്ജനായിരുന്നു. തൊഴിലില്‍ ഉണ്ടായിരുന്ന സമ്മര്‍ദ്ദം ഇദ്ദേഹത്തെ കടുത്ത വിഷാദത്തിന് അടിമയാക്കുകയായിരുന്നു. രോഗത്തെ തുടര്‍ന്ന് ,സ്വവസിതിയില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്നു ബല്ലാര്‍ട്ട്.

ക്യൂബയുടെ ഔദ്യോഗിക ശാസ്ത്ര ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള ഡയസ് ബല്ലാര്‍ട്ട്, ക്യൂബന്‍ അക്കാദമി ഓഫ് സയന്‍സസിന്റെ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.