കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യൻ അംബാസിഡർ ക്യാമ്പിലേക്ക് പോയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. തീപിടിത്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രി എക്സിൽ കുറിച്ചു. എംബസി എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
‘കുവൈത്ത് നഗരത്തിലുണ്ടായ തീപിടിത്തത്തിൻ്റെ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. 40-ലധികം മരണങ്ങളും 50-ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഞങ്ങളുടെ അംബാസഡർ ക്യാമ്പിലേക്ക് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. ദാരുണമായി ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവർക്കും ഞങ്ങളുടെ എംബസി പരമാവധി സഹായം നൽകും.’ – എസ് ജയശങ്കറിന്റെ കുറിപ്പ്
അതേസമയം മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തിയിരുന്നു. കർശന നടപടികൾക്ക് മന്ത്രി നിർദേശം നൽകി. കെട്ടിടങ്ങളിലെ നിയമലംഘനങ്ങളില്‍ മുനിസിപ്പാലിറ്റി പരിശോധന നടത്തും. മുന്നറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കും. തിങ്ങി താമസിക്കുന്നതും നിയമ ലംഘനങ്ങളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിൽ പുലർച്ചെ നാലിനാണ് തീ പടർന്ന് പിടിച്ചത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സകളിലാണ്. അതേസമയം തീപിടിത്തത്തില്‍ മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.