ഗ്രീക്ക് ദ്വീപായ ഹൈഡ്രയിലുണ്ടായ കാട്ടുതീയെ തുടർന്ന് 13 പേരെ അറസ്റ്റ് ചെയ്തു. ആഡംബര നൌകയിൽ നിന്നുണ്ടായ കരിമരുന്ന് പ്രയോഗത്തിന് പിന്നാലെയാണ് ദ്വീപിൽ കാട്ടുതീ പടർന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. ഒരു യാച്ചിൽ നിന്ന് തൊടുത്തുവിട്ട പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതർ ആരോപിച്ചു.
ഏഥൻസിന് തെക്ക് സ്ഥിതി ചെയ്യുന്ന പ്രശസ്ത ടൂറിസ്റ്റ് ദ്വീപിലെ പൈൻ വനത്തിലൂടെയാണ് വെള്ളിയാഴ്ച തീ ആളിപ്പടർന്നത്. തീ നിയന്ത്രണ വിധേയമാക്കി. ബീച്ചിലേക്ക് റോഡുകളില്ലാത്തതിനാൽ, അഗ്നിശമന സേനാംഗങ്ങൾക്ക് കടൽ വഴി കടക്കേണ്ടിവന്നു. ഹെലികോപ്റ്റർ വഴി വെള്ളമിറക്കിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അറസ്റ്റിലായ 13 പേരും ഗ്രീക്ക് പൗരന്മാരാണെന്നും പ്രോസിക്യൂട്ടർമാർക്ക് മുമ്പാകെ ഹാജരാക്കുമെന്നും ഗ്രീക്ക് ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം നിരവധി പേരാണ് സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തി. നേരത്തെ മാരകമായ കാട്ടുതീയുടെ പേരിൽ കഴിഞ്ഞ ഓഗസ്റ്റിൽ കുറഞ്ഞത് 79 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വർഷമാദ്യം ഗ്രീസ് കഠിനമായ തീവെപ്പ് നിയമങ്ങൾ കൊണ്ടുവന്നു. കുറ്റവാളികൾ 20 വർഷം വരെ തടവും 200,000 യൂറോ വരെ പിഴയും അനുഭവിക്കേണ്ടി വരും.