ഇറാഖിലെ അമേരിക്കന്‍ എംബസിക്ക് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അതീവ സുരക്ഷാ മേഖലയിലാണ് അഞ്ച് റോക്കറ്റുകള്‍ പതിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റോക്കറ്റ് ആക്രമണം നടന്നിടത്തേത് എന്ന പേരില്‍ വീഡിയോകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. അതീവസുരക്ഷാ മേഖലയായി കരുതുന്ന ഗ്രീന്‍ സോണിലാണ് എംബസി.
കഴിഞ്ഞദിവസവും ബാഗ്ദാദില്‍ അമേരിക്കന്‍ എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. ബാഗ്ദാദിന് സമീപമുള്ള സഫറാനിയ ജില്ലയില്‍ നിന്ന് തൊടുത്ത മൂന്ന് റോക്കറ്റുകളാണ് എംബസിക്ക് നേരെ വന്ന് പതിച്ചത്. ആക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ ജനുവരി മൂന്നിന് ഇറാഖിൽ യുഎസ് വ്യോമാക്രമണത്തിൽ വധിച്ചതിനെ തുടർന്ന് മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്. എട്ടിന് ഇറാഖിലെ യുഎസിന്റെ സൈനികത്താവളത്തിനു നേരെ ഇറാന്റെ ആക്രമണവുമുണ്ടായിരുന്നു.
കാത്യുഷ റോക്കറ്റ് ആക്രമണമാണ് എംബസിക്കു സമീപം നേരത്തേ ഉണ്ടായിട്ടുള്ളത്. ഇത്തവണയും അതുതന്നെയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം ആക്രമണങ്ങൾ ഏറ്റെടുക്കാൻ ഇതുവരെ ആരും തയ്യാറായിട്ടില്ല.ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യം വെച്ചല്ലാതെ ഒരു മേഖലയിലേക്ക് തുടരെ റോക്കറ്റുകൾ വന്നുവീഴും വിധമാണ് കാത്യുഷ ലോഞ്ചറിന്റെ പ്രവർത്തനം. അതിവേഗത്തിൽ റോക്കറ്റുകളയയ്ക്കാനും സാധിക്കും.
Read more
രണ്ടാംലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ ഉപയോഗിച്ചിരുന്നതാണ് ഇവ. ഇറാനിലേക്കും ഇറാഖിലേക്കും ഇവ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇറാനിൽ ഇവയുടെ നിർമാണ യൂണിറ്റുകളുമുണ്ട്.