രാജ്യത്തിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ പ്രരോധിക്കുന്ന സൈന്യത്തിന് ഒപ്പം ചേര്‍ന്ന് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയും. ഇസ്രയേല്‍ സൈനിക ക്യാമ്പിലെത്തി സൈനികരോട് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ് സംസാരിക്കുന്നതുള്‍പ്പെടെയുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ പ്രതിപക്ഷത്താണ് നാഫ്തലി ബെന്നറ്റ്.
യുദ്ധസന്നാഹത്തോടെ നില്‍ക്കുന്ന പട്ടാളക്കാര്‍ക്കിടയിലേക്ക് ഓടിയെത്തുകയാണ്. നീല ജീന്‍സും ചാരനിറത്തിലുള്ള ടീഷര്‍ട്ടും അണിഞ്ഞ നാഫ്തലി ബെന്നറ്റ് പട്ടാളക്കാരുമായി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. പട്ടാളവസ്ത്രമണിഞ്ഞ് നാഫ്തലി ബെന്നറ്റും ഇസ്രയേലി സൈന്യത്തിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമമായി പറയുന്ന ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാഫ്തലിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി ഇസ്രയേല്‍ ഭരിക്കുമ്പോള്‍ പ്രതിപക്ഷത്തായിരുന്നു നിലവിലെ പ്രധാനമന്ത്രി നെതന്യാഹു. ഹമാസിനെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനത്തിന് പൂര്‍ണപിന്തുണ പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ നേരിട്ട് കണ്ടാണ് പിന്തുണ നല്‍കിയിരിക്കുന്നത്.
അതേസമയം, പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെതിരെ രൂക്ഷമായി ഇസ്രായേല്‍ തിരിച്ചടിക്കുകയാണ്. ഹമാസിന്റെ ആക്രമണത്തില്‍ ഇതോടകം 600 ഇസ്രായേലികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തെ തുടര്‍ന്ന് 2000പേര്‍ക്ക് പരിക്കേറ്റതായും 750ലേറെ ആളുകളെ കാണാതായതായും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയില്‍ ഇസ്രായേല്‍ ശക്തമായ ആക്രമണം തുടരുന്നുണ്ട്. പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളനുസരിച്ച് 20 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 370 പേര്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2200ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹമാസ് നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് ഗാസയെ വിജന ദ്വീപാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേല്‍ ആക്രമണം തുടരുന്നത്. നിലവില്‍ വൈദ്യസഹായം പോലും നല്‍കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യമാണെന്ന് സന്നദ്ധ സംഘടനയായ പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി പറയുന്നു.