സ്‌പേസ് എക്‌സിന്റെ നാല് ബഹിരാകാശ സഞ്ചാരികള്‍ നിലം തൊട്ടു; തിരികെയെത്തിയത് ഐഎസ്എസില്‍ ആറു മാസം പൂര്‍ത്തിയാക്കി

ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ആറു മാസം പൂര്‍ത്തിയാക്കിയ ശേഷം സ്‌പേസ് എക്‌സിന്റെ നാല് ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. തിങ്കളാഴ്ച രാവിലെ ആയിരുന്നു ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെ തീരത്ത് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകം നാലംഗ സംഘവുമായി കടലില്‍ ഇറങ്ങിയത്.

റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്ദ്രെ ഫെദ്യേവ്, യുഎഇ സുല്‍ത്താന്‍ അല്‍ നെയാദി, നാസയിലെ സ്റ്റീഫന്‍ ബോവന്‍, വാരന്‍ വൂഡി ഹുബര്‍ഗ് എന്നിവരാണ് പേടകത്തില്‍ സുരക്ഷിതമായി മടങ്ങിയെത്തിയത്. മാര്‍ച്ച് രണ്ടിന് ആയിരുന്നു കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാവിലെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് ഡ്രാഗണ്‍ പേടകത്തില്‍ മടക്ക യാത്ര ആരംഭിച്ച സംഘം ഒരു ദിവസം പിന്നിട്ടാണ് ഭൂമിയില്‍ എത്തിച്ചേര്‍ന്നത്.

ഭൂമിയില്‍ നിന്ന് ഏകദേശം 420 കിലോമീറ്റര്‍ മുകളിലുള്ള ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ 26 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് സംഘം എത്തിച്ചേര്‍ന്നത്. 186 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് സംഘം മടങ്ങിയത്. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ താമസത്തിനും പരീക്ഷണങ്ങള്‍ക്കും ശേഷം സുഗമമായി മടങ്ങിയ ആറാമത്തെ സംഘമാണ് ഇപ്പോൾ ഫ്‌ളോറിഡയില്‍ തിരിച്ചെത്തിയിരിക്കുന്നത് .