നോര്‍ത്ത് ഇന്ത്യയില്‍ പോകുന്നത് പോലെ 'രാവണന്റെ' നാട്ടിലേക്ക് പറക്കാം; വിസ രഹിത യാത്രക്കുള്ള സൗകര്യം ഒരുക്കി ശ്രീലങ്ക; വിനോദ സഞ്ചാരികളെ മാടിവിളിക്കുന്നു

നോര്‍ത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്ന ചിലവില്‍ ഇനി ശ്രീലങ്കയില്‍ പോകാം. ഒക്ടോബര്‍ ഒന്നുമുതല്‍ ശ്രീലങ്കയില്‍ വിസയില്ലാതെ പോകാന്‍ ഇന്ത്യക്കാര്‍ക്ക് സാധിക്കും. ആറുമാസത്തേക്കാണ് ഈ ഇളവ്. ഇന്ത്യ അടക്കം 35 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ രാജ്യം സന്ദര്‍ശിക്കാമെന്ന് ശ്രീലങ്കന്‍ അധികൃതര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ട്, യു.എസ്, ചൈന, ജര്‍മനി അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസ രഹിത യാത്രക്കുള്ള സൗകര്യം ശ്രീലങ്ക ഒരുക്കിയത്. വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നൂലാമാലകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുവഴി സാധിക്കും. ശ്രീലങ്കയുടെ മൊത്തം വിദേശ വിനോദ സഞ്ചാരികളില്‍ 20 ശതമാനം പേരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഇളവ്.

നേരത്തെ, ഇന്ത്യയില്‍ നിന്നും മറ്റ് ആറു രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കുള്ള വിസ ഫീസ് 2023 ഒക്ടോബറില്‍ രാജ്യം ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് ഈ തീരുമാനം 2024 മെയ് 31 വരെ നീട്ടുകയും ചെയ്തിരുന്നു. പുതിയ വിസ രഹിത നയം കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് ശ്രീലങ്കന്‍ കരുതുന്നത്. തകര്‍ന്നു കിടക്കുന്ന സമ്പദ്‌വ്യവസ്ഥ പരിപോക്ഷിപ്പിക്കുന്നതിനാണ് വിസയില്‍ അടക്കം രാജ്യം ഇളവ് സല്‍കി സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.