യാച്ചുകൾ മുതൽ ബദാം വരെ; യുഎസ് ഉൽപ്പന്നങ്ങൾക്ക് 25% പ്രതികാര തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയൻ, എതിർത്ത് വോട്ട് ചെയ്ത് ഹംഗറി

ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾക്കെതിരായ യൂറോപ്പിന്റെ ആദ്യ പ്രതികാര നടപടിയായി റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷികോൽപ്പന്നങ്ങളെയും മറ്റ് ഉൽപ്പന്നങ്ങളെയും ലക്ഷ്യമിട്ട് യൂറോപ്യൻ യൂണിയൻ. 21 ബില്യൺ യൂറോ (£18 ബില്യൺ) മൂല്യമുള്ള യുഎസ് ഉൽപ്പന്നങ്ങൾക്ക് പ്രതികാര തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനമായി. യാച്ചുകൾ മുതൽ ബദാം വരെയുള്ള നിരവധി സാധനങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ആദ്യ തീരുവ ഏപ്രിൽ 15 മുതൽ ഈടാക്കും, ബൾക്ക് മെയ് 15 മുതലും ബാക്കി ഡിസംബർ 1 മുതലും ബാധകമാകും.

യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ അനുകൂല വോട്ട് സ്ഥിരീകരിച്ചുകൊണ്ട് യൂറോപ്യൻ കമ്മീഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു. “യുഎസ് താരിഫുകൾ അന്യായവും ദോഷകരവുമാണെന്ന് യൂറോപ്യൻ യൂണിയൻ കരുതുന്നു. ഇത് ഇരുവിഭാഗത്തിനും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും സാമ്പത്തിക ദോഷം വരുത്തുന്നു.” “യുഎസ് ന്യായവും സന്തുലിതവുമായ ചർച്ചാ ഫലത്തിന് സമ്മതിച്ചാൽ, ഈ പ്രതിരോധ നടപടികൾ എപ്പോൾ വേണമെങ്കിലും നിർത്തിവയ്ക്കാം” പ്രസ്താവനയിൽ പറയുന്നു.

ട്രംപിന്റെ ഏറ്റവും ശക്തമായ പിന്തുണക്കാരിൽ ഒരാളായ ഹംഗറി ഒഴികെയുള്ള എല്ലാ അംഗരാജ്യങ്ങളും പ്രതികാര നടപടിയെ അനുകൂലിച്ച് വോട്ട് ചെയ്തു. “ഇത്തരം നടപടികൾ വില ഉയർത്തുന്നതിലൂടെ യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും പൗരന്മാർക്കും കൂടുതൽ നാശമുണ്ടാക്കും. പ്രതികാര നടപടികളല്ല, ചർച്ചകളാണ് മുന്നോട്ടുള്ള ഏക മാർഗം.” ഹംഗറിയുടെ വിദേശകാര്യ മന്ത്രി പീറ്റർ സിജാർട്ടോ സോഷ്യൽ മീഡിയയിൽ എഴുതി. വ്യാഴാഴ്ച മുതൽ എല്ലാ യുഎസ് ഉൽപ്പന്നങ്ങൾക്കും 84% തീരുവ ചുമത്തുമെന്ന് ചൈന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂറോപ്യൻ യൂണിയൻ തീരുമാനം. നേരത്തെ ഇത് 34% ആയിരുന്നു.

Read more

ഫെബ്രുവരിയിൽ യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കുള്ള യുഎസ് തീരുവകൾക്കുള്ള പ്രതികരണമാണ് യൂറോപ്യൻ യൂണിയൻ നടപടികൾ. മറ്റ് സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ ലഭ്യമാകുന്ന ഉൽപ്പന്നങ്ങൾ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം ചില ലക്ഷ്യങ്ങൾ പ്രധാന റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ വേദന ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ്.